Uncategorized

2026ലെ വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം പങ്കിട്ട് മൂന്നുപേർ

2026ലെ വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. കാൾ ഡീസറോത്ത്, പീറ്റർ ഹെഗമാൻ, ജോർജ്ജ് നാഗൽ എന്നീ ന്യൂറോ സയന്റിസ്റ്റുകളാണ് പുരസ്കാരം സ്വന്തമാക്കിയത്. മസ്തിഷ്‌കം എങ്ങനെയാണ് ഓർമകളും വികാരങ്ങളും പെരുമാറ്റങ്ങളും രൂപപ്പെടുത്തുന്നതെന്ന് മനസ്സിലാക്കാനുള്ള ഗവേഷണങ്ങൾക്ക് നിർണായകമായ കണ്ടെത്തലിനാണ് പുരസ്കാരം.

ജീവിച്ചിരിക്കുന്ന മസ്തിഷ്‌കത്തിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം പ്രകാശത്തിന്റെ സഹായത്തോടെ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും കഴിയുന്ന ഓപ്റ്റോജെനെറ്റിക്സ് എന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് വഴിയൊരുക്കിയ കണ്ടെത്തലുകളാണ് ഇവർ നടത്തിയത്.പ്രകാശത്തിലേക്ക് നീങ്ങുന്ന ആൽഗകളെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനമായത്. ആൽഗകളിലെ പ്രകാശത്തോട് പ്രതികരിക്കുന്ന പ്രോട്ടീനുകളെക്കുറിച്ചുള്ള കണ്ടെത്തലുകൾ പിന്നീട് നാഡീകോശങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ഉപയോഗിക്കാവുന്ന രീതിയിലേക്ക് വികസിപ്പിക്കുകയായിരുന്നു.

ഓപ്റ്റോജെനെറ്റിക്സിലൂടെ പ്രത്യേക നാഡീകോശങ്ങളെ കൃത്യമായി സജീവമാക്കുകയോ അവയുടെ പ്രവർത്തനം തടയുകയോ ചെയ്യാൻ ഗവേഷകർക്ക് സാധിക്കുന്നു. മസ്തിഷ്‌കത്തിലെ വിവിധ നാഡീകോശങ്ങൾ ഓർമ, വികാരം, പെരുമാറ്റം തുടങ്ങിയവയിൽ വഹിക്കുന്ന പങ്ക് പഠിക്കാൻ ഈ സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള ലബോറട്ടറികളിൽ ഉപയോഗിച്ചുവരുന്നു. മസ്തിഷ്‌കത്തിന്റെ പ്രവർത്തന രഹസ്യങ്ങൾ മനസ്സിലാക്കുന്നതിൽ പുതിയ വഴിത്തിരിവാണ് ഡെയ്‌സറോത്ത്, ഹെഗെമാൻ, നാഗൽ എന്നിവരുടെ കണ്ടെത്തലുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button