സ്‌കൂള്‍ ഒളിംപിക്‌സ് മാതൃക തിരികെ കൊണ്ടുവരണം, കായിക താരങ്ങളുടെ സമരത്തില്‍ പങ്കെടുക്കും; വി ശിവന്‍കുട്ടി

തിരുവനന്തപുരം: കായികമേള ഒളിംപിക്‌സ് മാതൃകയില്‍ തന്നെ നടത്തണമെന്ന് മുന്‍ വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കടക്കം പങ്കെടുക്കാന്‍ കഴിയുന്ന നിലയില്‍ വിപുലമായാണ് മുന്‍ സര്‍ക്കാര്‍ മേള സംഘടിപ്പിച്ചത്. രാജ്യമൊട്ടാകെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ മാതൃകയാണ് അത്. എന്നാല്‍ ഇപ്പോള്‍ 36 ഇനങ്ങള്‍ 36 ഇടങ്ങളില്‍ നടത്താനാണ് നീക്കം. വിധി കര്‍ത്താക്കള്‍ എന്താണ് തീരുമാനിക്കുന്നതെന്നോ എവിടെയാണ് പരിപാടി എന്നോ അറിയാത്ത നിലയിലുള്ള സുതാര്യമല്ലാത്ത സംവിധാനമാണ് അത്. അതിനാല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്താന്‍ ഏതറ്റം വരെയുള്ള സമരപരിപാടികളുമായി പോകുമെന്നും ശിവന്‍കുട്ടി മുന്നറിയപ്പ് നല്‍കി.
മുസ്‌ലിം ലീഗും കോണ്‍ഗ്രസും രാഷ്ട്രീയ മത്സരമാക്കി മേളയെ മാറ്റാനാണ് നീക്കം നടക്കുന്നത്. വന്‍ അഴിമതി സംശയിക്കുന്നെന്നും മുന്‍ മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഒളിമ്പിക്‌സിന്റെ സ്വര്‍ണക്കപ്പും പതാകയും എവിടെയാണെന്ന് അറിയില്ല. ഘോഷയാത്രയ്ക്ക് കൊണ്ടു വരേണ്ടതല്ലേ? അതും സംശയത്തിന്റെ നിഴലില്‍ ആണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം പങ്കെടുത്ത കുട്ടികള്‍ തന്നോട് വിഷമം പറയുകയാണ്. വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നില്‍ കായിക താരങ്ങള്‍ നടത്തുന്ന സമരത്തില്‍ താനും പങ്കെടുക്കുമെന്നും ശിവന്‍കുട്ടി അറിയിച്ചു.
മന്ത്രി ഒ ജെ ജനീഷിന്റേത് ധിക്കാരപരമായ നിലപാടാണെന്നും സംസ്ഥാനത്തിന് അപമാനമായി മാറിയ അപകടമാണ് കായിക മേളയില്‍ ഉണ്ടായതെന്നും കെ രാജന്‍ എംഎല്‍എയും വിമര്‍ശിച്ചു. ഒളിംപിക്‌സ് മോഡല്‍ മത്സരങ്ങളില്‍ നിന്ന് മാറാന്‍ കാരണം എല്ലാവര്‍ക്കും അറിയാം. കായിക മേള വിദ്യാഭ്യാസ വകുപ്പിന്റേത് മാത്രമല്ല കായിക വകുപ്പിനെ കൂടി ഉപയോഗിച്ചാണ് നടത്തുന്നത്. മുമ്പ് കൂട്ടുത്തരവാദിത്വത്തോടെയാണ് കലോത്സവത്തിലടക്കം കാര്യങ്ങള്‍ നടത്തിയത്. ജനീഷിന് ഉത്തരവാദിത്തത്തില്‍ നിന്ന് വിട്ടുപോകാന്‍ കഴിയില്ല. മന്ത്രിമാര്‍ക്ക് പരസ്പര ധാരണയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വമേധയാ കേസെടുക്കാന്‍ പൊലീസിന് എന്താണ് തടസ്സമെന്ന് ചോദിച്ച രാജന്‍ വീഴ്ച്ചയില്‍ ഉന്നത തല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. നഷ്ടപരിഹാരം കൊടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.




