Uncategorized

ടെൻഡർ നടപടികൾ പൂർത്തിയായിട്ടും പെരുമ്പാവൂര്‍ ഓണംകുളം – ഊട്ടിമറ്റം റോഡ് നിർമ്മാണം വൈകുന്നു; പ്രതിഷേധവുമായി നാട്ടുകാർ

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും പെരുമ്പാവൂര്‍ ഓണംകുളം – ഊട്ടി മറ്റം റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ. ധനകാര്യ വകുപ്പ് ഫണ്ട് വെട്ടിച്ചുരുക്കുന്നതിന്‍റെ ഭാഗമായി എസ്റ്റിമേറ്റില്‍ മാറ്റംവരുത്താന്‍ നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് കരാറുകാരന്‍ പിന്‍മാറിയതാണ് അനിശ്ചിതത്വത്തിനു കാരണം.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഓണംകുളം – ഊട്ടി മറ്റം റോഡ് നിര്‍മ്മാണത്തിനായി 7 കോടി രൂപ അനുവദിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ റോഡ്, നിര്‍മ്മാണത്തിനായി കരാറുകാരന് കൈമാറുകയും ചെയ്തു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ മാറിയതോടെ ഫണ്ട് വെട്ടിച്ചുരുക്കാന്‍ ധനകാര്യവകുപ്പ് തീരുമാനിച്ചു.

ഇതിന്‍റെ ഭാഗമായി എസ്റ്റിമേറ്റില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചതോടെ കരാറുകാരന്‍ പിന്‍മാറുകയായിരുന്നു. ഇതോടെ ഓണംകുളം – ഊട്ടിമറ്റം റോഡ് നിര്‍മ്മാണം അനിശ്ചിതത്വത്തിലായി.കരാര്‍ ഒപ്പിട്ട ശേഷം വ്യവസ്ഥകൾ മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. മനുഷ്യാവകാശകമ്മീഷനും,പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കിയതായി വെങ്ങോല ഗ്രാമപഞ്ചായത്തംഗം അഡ്വ.ബേസിൽ കുര്യാക്കോസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽനാട്ടുകാർ പൊതുമരാമത്ത് വകുപ്പ് എ. എക്സി ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച മുതല്‍ റോഡ് നിര്‍മ്മാണം ആരംഭിക്കാം എന്ന് എഴുതി നൽകിയ ശേഷമാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button