Uncategorized

അമ്മയുടെ മുറിച്ചുമാറ്റിയ കൈയുമായി ജവാന്‍ കമ്മീഷണര്‍ ഓഫീസില്‍; ചികിത്സാ പിഴവെന്ന് ആരോപണം

കാണ്‍പൂര്‍: സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവ് മൂലം അമ്മയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തില്‍ നീതി തേടി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) ജവാന്‍. കാണ്‍പൂര്‍ മഹാരാജ്പൂരിലെ ഐടിബിപി 32-ാം ബറ്റാലിയനിലെ ജവാനായ വികാസ് സിങ്ങാണ് അമ്മയുടെ മുറിച്ചുമാറ്റിയ കൈ തെര്‍മോകോള്‍ ബോക്‌സിലാക്കി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയത്. പരാതി നല്‍കിയിട്ടും പ്രാദേശിക പൊലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ജവാന്റെ പ്രതിഷേധം.

സ്വകാര്യ ആശുപത്രിക്കെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് വികാസ് സിങ് ആരോപിക്കുന്നു. കഴിഞ്ഞ മെയ് പത്തിനാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് വികാസ് സിങ്ങിന്റെ അമ്മ നിര്‍മലാ ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡ്രിപ്പിട്ട കൈ പിന്നീട് നീര് വെച്ച് വീര്‍ക്കുകയും നിറം മാറുകയും ചെയ്തു. കടുത്ത വേദനയും വീക്കവും ഉണ്ടായതിനെ തുടര്‍ന്ന് ഡ്രിപ്പ് ഇടതുകൈയിലേക്ക് മാറ്റിയിരുന്നു.കൈയുടെ അവസ്ഥയെക്കുറിച്ച് ഡോക്ടര്‍മാരോട് ചോദിച്ചപ്പോള്‍ താത്കാലിക പ്രശ്‌നം മാത്രമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടിയെന്ന് വികാസ് സിങ് പറയുന്നു. പക്ഷെ, അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് മെയ് 17-ന് മറ്റൊരു ആശുപത്രിയില്‍ വെച്ച് കൈ മുറിച്ചു മാറ്റേണ്ടി വന്നു.

രണ്ട് ദിവസങ്ങളിലായി പ്രാദേശിക പൊലീസ് സ്റ്റേഷനിലും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും തുടര്‍ന്നാണ് അമ്മയുടെ മുറിച്ചുമാറ്റിയ കൈയുമായി താന്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തിയതെന്നും ജവാന്‍ പറയുന്നു. സംഭവം വിവാദമായതോടെ ജവാന് പിന്തുണയുമായി ഐടിബിപി കമാന്‍ഡന്റ് ഗൗരവ് പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരും ജവാന്മാരും കമ്മീഷണറെ കാണാനെത്തിയിരുന്നു.എന്നാല്‍, സൈനികര്‍ കമ്മീഷണര്‍ ഓഫീസ് വളഞ്ഞുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഈ വാര്‍ത്ത തള്ളിയ ഐടിബിപിയും പൊലീസും, മുന്‍കൂട്ടി അനുമതി വാങ്ങിയുള്ള കൂടിക്കാഴ്ചയാണ് നടന്നതെന്ന് വ്യക്തമാക്കി.

പരാതിയെക്കുറിച്ച് ആരോഗ്യവകുപ്പ് സമിതി റിപ്പോര്‍ട്ട് വെള്ളിയാഴ്ച കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ശനിയാഴ്ചത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം, പൊലീസ് ഉദ്യോഗസ്ഥര്‍, ഐ.ടി.ബി.പി മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സംയുക്ത അന്വേഷണ സമിതി രൂപീകരിക്കാന്‍ പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button