പോരാട്ടം തുടരും, ഇനിയും ഗ്യാനേഷ് കുമാറിനെ നിങ്ങൾക്ക് സംരക്ഷിക്കാനാകില്ല, യുവരോഷം അണയ്ക്കാൻ പൊലീസ് വേട്ട മതിയാകില്ല

പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ ഇല്ലാതാക്കാമെന്നാണോ നിങ്ങൾ കരുതിയത്? നിങ്ങൾ നിരത്തിയ ബാരിക്കേഡുകൾ അവരെ തടയുമെന്നാണോ? വഴിതടഞ്ഞാലും തുറങ്കിലടച്ചാലും ഭയപ്പെട്ട് തിരിച്ചോടുമെന്ന് കരുതിയോ? എങ്കിൽ നിങ്ങൾക്ക് തെറ്റി. നിങ്ങളുടെ എല്ലാ വിലക്കുകളെയും ഭീഷണികളെയും താണ്ടി അവർ എത്തിയിരിക്കുന്നു. ജന്തർ മന്തറിൽ പ്രതിഷേധത്തിന്റെ അലയൊലികൾ തീർത്ത്, ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇടതുപക്ഷം തെരുവിൽ ഇറങ്ങിക്കഴിഞ്ഞു.
പ്രതിഷേധങ്ങൾക്ക് അനുമതി നൽകാറുള്ള ജന്തർമന്തറിൽ പോലും പ്രതിഷേധിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച യുവാക്കളെയും വിദ്യാർഥികളെയും ഇടതുനേതാക്കളെയും ക്രൂരമായാണ് അമിത് ഷായുടെ പൊലീസ് നേരിട്ടത്. പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്‌തു, നഗരം അടച്ചുപൂട്ടി. ഇന്റർനെറ്റ് നിരോധിച്ചു. മെട്രോ സ്റ്റേഷൻ അടച്ചിട്ടു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ, ബൃന്ദ കാരാട്ടിനെയടക്കം ബലം പ്രയോഗിച്ചാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്.
അക്ഷരാർഥത്തിൽ രണ്ടാം ജന്തർമന്തർ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരെ നീക്കാൻ രണ്ടുമണിക്കൂറിലേറെ സമയം പൊലീസിന് വേണ്ടിവന്നു. യുവജനപ്രതിരോധത്തിന്റെ കരുത്ത് മോദിക്കും അമിത് ഷായ്ക്കും നന്നായി മനസിലായിക്കാണും. നിങ്ങളുടെ തീട്ടൂരങ്ങളൊന്നും വിലപ്പോവില്ല. നിങ്ങൾ വിന്യസിച്ച പൊലീസിന്റെ വിലക്കുകളും മർദനങ്ങളും മറികടന്നാണ് ഡിവൈഎഫ്‌ഐയും എസ്‌എഫ്‌ഐയും ജന്തർമന്തറിൽ പ്രതിഷേധക്കടലായത്. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി എഐഎസ്‌എഫ്, ഐസ തുടങ്ങിയ സംഘടനകളും എഎപി പ്രവർത്തകരും തെരുവിലിറങ്ങി.രാജ്യത്തെ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയുള്ള താക്കീത് കൂടിയായിരുന്നു ഡിവൈഎഫ്ഐയുടെ ദില്ലി ചലോ മാർച്ച്. രാജ്യത്തെമ്പാടുനിന്നും അനേകായിരം പേർ രാജ്യതലസ്ഥാനെത്തേക്കെത്തി. പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതോടെ ജന്തർമന്തറിലേക്ക് മൂന്ന് സംഘമായാണ് നേതാക്കളും പ്രവർത്തകരും മാർച്ച് നടത്തിയത്. ഡിവൈഎഫ്‌ഐ പ്രസിഡന്റ് എ എ റഹിം എംപി, ജനറൽ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ, പ്രസിഡന്റ് ആദർശ് എം സജി എന്നിവർ ജാഥയെ നയിച്ചു. ജന്തർമന്തറിൽ പ്രക്ഷേഭത്തിന്റെ പ്രകമ്പനങ്ങൾ മുഴങ്ങി.
പോരാട്ടം തുടരുമെന്ന് തന്നെയാണ് സിപിഐഎമ്മിന്റെ പ്രഖ്യാപനം. ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ള സ്ഥാപനങ്ങളുടെ നിഷ്‌പക്ഷത ചോരാതെ കാക്കാനുള്ള പോരാട്ടം. അതിനെ പൊലീസിനെ ഉപയോഗിച്ച് തകർക്കാനാണെങ്കിൽ ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാർ നന്നായി വിയർക്കുമെന്നേ പറയാനുള്ളൂ.




