Uncategorized

തിയേറ്ററുകളിൽ സംയുക്ത റെയ്ഡ്; പോപ്‌കോൺ, ശീതള പാനീയങ്ങൾക്കും അടക്കം അന്യായ വിലയെന്ന് കണ്ടെത്തൽ, അളവിലും കുറവ്

എറണാകുളം: ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിവരുടെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് റെയ്ഡ് നടത്തി. മൂന്ന് കേസ്സുകൾ രജിസ്റ്റർ ചെയ്തു. തീയറ്ററുകളിൽ പ്രവർത്തിക്കുന്ന കഫേകളിൽ അന്യായവില വാങ്ങുന്നുവെന്ന പൊതു പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. തീയറ്ററുകളിലെ കഫേകളിൽ വില കൂടുതലാണെന്ന പരാതി ശരിയാണെന്ന് പരിശോധനാ സംഘം കണ്ടെത്തി.

മൾട്ടിപ്ലക്സുകളിൽ പോപ്‌കോൺ, ശീതള പാനീയങ്ങൾ എന്നിവയുടെ വില പൊതുവിപണിയിലേതിനേക്കാൾ 5 ഇരട്ടിയും സാധാരണ തീയറ്ററുകളിൽ രണ്ട് ഇരട്ടിയും വില ഈടാക്കുന്നതായി കണ്ടു. വില വളരെ കൂടുതലാണ് എന്നും ഗവൺമെൻ്റിലേക്ക് റിപ്പോർട്ട് ചെയ്യുകയാണെന്നും തീയറ്റർ മാനേജർമാർക്ക് ഉദ്യോഗസ്ഥ സംഘം നോട്ടീസ് നൽകി. പൊതുവിപണിയിലെ വിലയുമായി ചേർന്ന് നിൽക്കത്തക്ക വിധം വിലയിൽ മാറ്റം വരുത്താൻ കർശന നിർദ്ദേശം നൽകി. വിലവിവര പട്ടിക നിർദിഷ്ട രീതിയിൽ പ്രദർശിപ്പിക്കാത്തതിനും അളവിൽ കുറവ് നൽകിയതിനും മൂന്ന് കഫേകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ക്യു ആർ കോഡ് സ്കാൻ ചെയ്താലാണ് വില അറിയുവാൻ കഴിയുകയുള്ളു.

ഇത് സാധാരണക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. എല്ലാ തീയറ്ററുകളിലും സൗജന്യ കുടിവെള്ളം തയ്യാറാക്കി വച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ആരംഭിച്ച റെയ്ഡ് വൈകിട്ട് 4 മണി വരെ നീണ്ടു. വരും ദിവസങ്ങളിൽ കൂടുതൽ തീയറ്ററുകളിൽ പരിശോധന നടത്തുന്നതാണ്. റെയ്ഡിൽ എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ വി ആർ. ഷാജി, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ സന്തോഷ് എൻ. സി., അസിസ്റ്റൻ്റ് കൺട്രോളർ വേണു കെ.ബി, താലൂക്ക് സപ്ലൈ ഓഫീസർ മറീന ജോൺ, റേഷനിംഗ് ഇൻസ്പെക്ടർമാരായ ഗിരീഷ് മോൻ, രഞ്ജിത്ത് ബോസ്, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ ഹണി ടി.എസ്, ഷാമിനി, സിനത്ത് എൻ.എ, ഫൂഡ് സേഫ്റ്റി ഓഫിസർ ദിവ്യ കെ ഡിനിഷ്യസ് എന്നിവർ പങ്കെടുത്തു. പരിശോധനയെ തുടർന്ന് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ പോപ്പ്കോൺ 99 രൂപയ്ക്കു ലഭ്യമാക്കുമെന്നും ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ നൽകുമെന്നും മൾട്ടിപ്ലക്സ് തീയറ്റർ മാനേജ്മെൻ്റുകൾ അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button