തിരുനാവായയിലെ താമരപ്പാടങ്ങൾ പൂത്തു, പക്ഷേ, കർഷകരുടെ പ്രതീക്ഷകൾ വാടി

മലപ്പുറം: കായല്‍പ്പാടങ്ങളില്‍ നിറയെ താമരപ്പൂക്കള്‍ വിരിഞ്ഞിട്ടും കര്‍ഷകരുടെ കൈകളിലേക്ക് വരുമാനമെത്തുന്നില്ല. തിരുനാവായയിലും സമീപപ്രദേശങ്ങളിലുമായി വ്യാപകമായി നടക്കുന്ന താമരക്കൃഷിയാണ് വിപണിയിലെ ആവശ്യക്കുറവും വിലയിടിവും കാരണം പ്രതിസന്ധിയിലായത്. ലക്ഷക്കണക്കിന് പൂക്കള്‍ വിളവെടുക്കാനാകാതെ തണ്ടില്‍ തന്നെ വിരിഞ്ഞ് ദിവസങ്ങള്‍ക്കകം കൊഴിഞ്ഞുപോകുകയാണ്.തിരുനാവായയിലെ വലിയപറപ്പൂര്‍ കായല്‍, കോട്ടക്കല്‍, തിരുത്തി, ചാലിയാര്‍പാടം, അജിതപ്പടി, പള്ളാര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി താമരക്കൃഷി നടക്കുന്നത്. പൂജകള്‍ക്കും ക്ഷേത്രങ്ങളിലേക്കുമുള്ള ആവശ്യവുമാണ് പ്രധാന വിപണി. ഓണം ഉള്‍പ്പെടെയുള്ള പ്രധാന ഉത്സവകാലങ്ങള്‍ കഴിഞ്ഞതോടെ ആവശ്യക്കാര്‍ കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഗണേശോത്സവത്തിന്റെ സമയമാറ്റവും ഇത്തവണ വിപണിയെ ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു.
സാധാരണ സമയങ്ങളില്‍ താമരമൊട്ടുകള്‍ക്ക് മികച്ച വില ലഭിക്കാറുണ്ടെങ്കിലും ആവശ്യക്കുറവുണ്ടാകുമ്പോള്‍ വില കുത്തനെ താഴുന്നു. വില്‍പ്പന നടക്കാത്തതിനാല്‍ വിളവെടുപ്പിനായി ചെലവഴിച്ച പണവും അധ്വാനവും തിരിച്ചുകിട്ടാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. വരാനിരിക്കുന്ന നവരാത്രി, പൂജാ ദിവസങ്ങളില്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇപ്പോള്‍ നശിച്ചുപോകുന്ന പൂക്കള്‍ കാരണം അതുവരെ കൃഷിയില്‍നിന്ന് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുകയാണ്




