‘റേഞ്ച് റോവർ വിവാദത്തിൽ മന്ത്രി കെ എം ഷാജിക്ക് താക്കീത് നൽകി’; റിപ്പോർട്ടർ വാർത്ത ശരിവെച്ച് സാദിഖലി തങ്ങൾ

മലപ്പുറം: മന്ത്രി കെ എം ഷാജിയുടെ ആഡംബര കാര്‍ വിവാദത്തില്‍ മുസ്ലിം ലീഗ് താക്കീത് നല്‍കിയെന്ന റിപ്പോർട്ടര്‍ വാര്‍ത്ത ശരിവെച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി ആ കാര്യങ്ങള്‍ ഗൗരവത്തോടെ കാണുന്നതായി സാദിഖലി തങ്ങള്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന പ്രചാരണങ്ങള്‍ പാര്‍ട്ടി ശ്രദ്ധിച്ചിട്ടുണ്ടെന്നും ആവശ്യമായിട്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാര്‍ക്ക് ആവശ്യമുള്ള നിര്‍ദേശങ്ങള്‍ എപ്പോഴും പാര്‍ട്ടി കൊടുക്കുന്നുണ്ട്. മുസ്ലിം ലീഗില്‍ നേരത്തെ തന്നെ പെരുമാറ്റ ചട്ടം ഉള്ളതാണ്. പ്രത്യേകമായി ഇപ്പോള്‍ പെരുമാറ്റ ചട്ടമുണ്ടാക്കേണ്ട കാര്യമില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
‘ലീഗ് മുന്‍പും അധികാരത്തില്‍ വന്നിട്ടുണ്ട്. വളരെ സൂക്ഷ്മതയോടെ തന്നെയാണ് ലീഗ് മന്ത്രിമാര്‍ മുന്‍പും കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. അത് തന്നെയാണ് ലീഗിന്റെ ശൈലി. ആ നിലക്കാണ് മുസ്ലിം ലീഗ് കാര്യങ്ങള്‍ കാണുന്നത്. ഇതിൽ നേരത്തെ തന്നെ ലീഗിന്റെ ജനപ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആ നിലയില്‍ മുന്നോട്ട് പോകും. വീഴ്ച്ച ഉണ്ടായെന്ന് പാര്‍ട്ടിക്ക് തോന്നിയ സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. അവര്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്’, സാദിഖലി തങ്ങൾ പറഞ്ഞു.മുഖ്യമന്ത്രിയുടെ സ്പോണ്സര് വിവാദത്തിലും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ സ്പോണ്സര് കേരളത്തിലെ ജനങ്ങളാണെന്നാണ് പ്രതികരണം. ആ ജനങ്ങളെ മാറ്റി നിര്‍ത്തിയുള്ള ഒരു സ്പോണ്‍സര്‍ഷിപ്പും യുഡിഎഫിന് സാധ്യമല്ലെന്നും ബാക്കിയെല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വളരെ യോജിപ്പോടെയാണ് മുന്നോട്ട് പോകുന്നത്. ജനങ്ങളോട് അടുപ്പം പുലര്‍ത്തുന്ന രീതിയിലാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്. യുഡിഎഫ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളിലെ കാര്യകാരണങ്ങള്‍ പരിശോധിച്ച് തെറ്റ് തിരുത്തി മുന്നോട്ട് പോകും. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും മുസ്ലിം ലീഗ് അധ്യക്ഷൻ വ്യക്തമാക്കി.
മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ അതൃപ്തി വ്യക്തമാക്കി മുസ്ലിം ലീഗ് നേതൃത്വം രംഗത്ത് വന്നിരുന്നു. മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍. റേഞ്ച് റോവര്‍ വിവാദം ഒഴിവാക്കാമായിരുന്നു എന്നും മുസ്ലിം ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. വിവാദത്തില്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ബാലിശമായിരുന്നുവെന്നും വിമര്‍ശനമുണ്ടായിരുന്നു. മന്ത്രിമാരുടെ വിദേശയാത്ര പാര്‍ട്ടിയെ അറിയിച്ചില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തിരിഞ്ഞുകൊത്തുന്നു എന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു. ധാര്‍ഷ്ട്യം, ധൂര്‍ത്ത്, ആഡംബരം തുടങ്ങിയ ആരോപണങ്ങള്‍ ദോഷം ചെയ്യുമെന്നും മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തുകയുണ്ടായി.




