44-ാം മൈൽ ചുരമില്ലാ പാത: വനം വകുപ്പിൻ്റെ അനുമതിക്കായി ഒറ്റക്കെട്ടായ ശ്രമമുണ്ടാവണം-മന്ത്രി അഡ്വ. സണ്ണി ജോസഫ്.

കണ്ണൂർ, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ
ചുരംരഹിത പാത യാഥാർഥ്യമാക്കുന്നതിന് കേന്ദ്ര വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. 44-ാം മൈൽ ചുരംരഹിത റോഡ് സംബന്ധിച്ച് കൊട്ടിയൂരിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ റോഡിനായി നേരത്തേ ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ഇപ്പോൾ പാതയുടെ ആവശ്യം വലിയ തോതിൽ വർധിച്ചിരിക്കുകയാണ് എന്ന് മന്ത്രി പറഞ്ഞു. നിലവിൽ വയനാട്ടിലേക്കുള്ള പാതകളായ പാൽച്ചുരം റോഡിലും നെടുംപൊയിൽ-പേരിയ ചുരം റോഡിലും മഴക്കാലത്ത് മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള തടസ്സങ്ങൾ സാധാരണമാണ്. പാൽച്ചുരം പാത നവീകരണത്തിന് അനുമതിയായിട്ടുണ്ടെങ്കിലും അതിന്റെ വീതി കൂട്ടുക സാധ്യമല്ലാത്തതിനാൽ ഇതുവഴി സുഗമമായ ഗതാഗതം അസാധ്യമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് 44-ാം മൈൽ ചുരമില്ലാപ്പതയുടെ പ്രാധാന്യം വർധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വനനിയമത്തിന്റെ ഭാഗമായി പദ്ധതി പ്രദേശം വൈൽഡ് ലൈഫ് സാങ്ച്വറിയായി മാറിയ സാഹചര്യത്തിൽ ഡ്രോൺ സർവേ ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾക്ക് പോലും വനം വകുപ്പിന്റെ അനുമതി വേണമെന്ന സ്ഥിതിയാണ്. പദ്ധതിക്ക് കേന്ദ്രാനുമതി നേടുകയെന്നത് അത്ര എളുപ്പത്തിൽ നടക്കുന്ന ഒന്നല്ല. ഇതിന് നടപടിക്രമങ്ങൾ ഏറെയുണ്ട്. സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ ഇത് യാഥാർഥ്യമാക്കാനാവില്ല. കേന്ദ്ര അനുമതിക്കായി ജില്ലയിലെ ലോക്സഭ, രാജ്യസഭ എം.പി.മാർ ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ഇടപെടലും ആവശ്യമാണ്.
റോഡിനായി വിട്ടുനൽകുന്ന വനഭൂമിക്ക് പകരമായി ആവശ്യമായത്ര ഭൂമി നൽകാൻ തയ്യാറാണ്. ഇക്കാര്യം കേന്ദ്ര വന-പരിസ്ഥിതി മന്ത്രാലയത്തെ ധരിപ്പിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കണമെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇതിന്റെ മുന്നോടിയായി തിങ്കളാഴ്ച കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി, വനം-വന്യജീവി വകുപ്പ് മന്ത്രി എന്നിവരെ നേരിട്ട് കണ്ട് നിവേദനം നൽകാനും കാര്യങ്ങൾ ധരിപ്പിക്കാനും യോഗം തീരുമാനിച്ചു.



