പാകിസ്താനിലെ പൊലീസ് ചെക്ക് പോസ്റ്റിൽ ചാവേറാക്രമണം; 12 പേർ മരിച്ചതായി റിപ്പോർട്ട്

ഇസ്ളാമബാദ്: പാകിസ്താൻ്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ റോഡരികിലെ പൊലീസ് ചെക്ക്പോസ്റ്റിന് നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ഡേര ഇസ്മായിൽ ഖാൻ ജില്ലയിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ചെക്ക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്നാണ് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിന് പിന്നാലെ വെടിയൊച്ചകളും കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും വഴിയാത്രക്കാരുമാണെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പൊലീസ് ഉദ്യോഗസ്ഥർ, കസ്റ്റംസ് വിഭാഗം ജീവനക്കാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ജില്ലയിലെ ദറസിന്ദ മേഖലയിൽ അമൻ മേളയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് റെസ്ക്യൂ 1122 പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ദറസിന്ദ സ്റ്റേഷനിൽ നിന്നുള്ള രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയ ശേഷം ആശുപത്രികളിലേക്ക് മാറ്റിയതായി റെസ്ക്യൂ 1122 അറിയിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ പാകിസ്താൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീക്-ഇ-താലിബാൻ പാകിസ്താനാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ടിടിപിയും അതുമായി ബന്ധപ്പെട്ട സായുധ സംഘങ്ങളും ഈ മേഖലയിൽ അടുത്തിടെ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പാകിസ്താൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ഏറ്റുമുട്ടലിൽ കുറഞ്ഞത് 13 അഫ്ഗാൻ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ സർക്കാർ അറിയിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ ആക്രമണം നടന്നത്.ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൻഖ്വ, പഞ്ചാബ് എന്നീ പ്രവിശ്യകൾ സംഗമിക്കുന്ന പ്രദേശത്താണ് ഡേര ഇസ്മായിൽ ഖാൻ സ്ഥിതി ചെയ്യുന്നത്. ചരക്കുനീക്കം കൂടുതലായതിനാൽ അനധികൃത കടത്ത് തടയുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെയും ഇവിടെ പാകിസാൻ അധികമായി വിന്യസിച്ചിട്ടുണ്ട്. ചെക്ക്പോസ്റ്റിൽ വലിയൊരു വിഭാഗം ഉദ്യോഗസ്ഥർ എപ്പോഴും ഡ്യൂട്ടിയിലുണ്ടാകുന്നതിനാൽ ഇത് പ്രധാനപ്പെട്ട ലക്ഷ്യമായിരുന്നുവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സായുധ ആക്രമണങ്ങളുടെ കേന്ദ്രമായി ഒരു ദശാബ്ദത്തിലേറെയായി തുടരുന്ന സൗത്ത് വസീറിസ്ഥാന്റെ സമീപത്താണ് ജില്ല സ്ഥിതി ചെയ്യുന്നത്. ഇവിടെ പാകിസ്താൻ സൈന്യം നിരവധി സൈനിക നടപടികളും നടത്തിയിട്ടുണ്ട്.
അടുത്തകാലത്തായി പാകിസ്താനിൽ സായുധ ആക്രമണങ്ങൾ വർധിച്ചിട്ടുണ്ട്. ഇതിൽ പലതിന്റെയും ഉത്തരവാദിത്തം ടിടിപിയും നിരോധിത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ)യും ഏറ്റെടുത്തിരുന്നു. അയൽപ്രവിശ്യയായ ബലൂചിസ്ഥാനിലാണ് ബിഎൽഎ പ്രധാനമായും പ്രവർത്തിക്കുന്നത്. അഫ്ഗാൻ മണ്ണിൽ നിന്ന് ടിടിപി പ്രവർത്തിക്കാൻ അഫ്ഗാൻ താലിബാൻ അനുവദിക്കുന്നുവെന്ന് പാകിസ്താൻ ഭരണകൂടം പലതവണ ആരോപിച്ചിട്ടുണ്ട്. പാകിസ്താനിലേയ്ക്ക് നടക്കുന്ന അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തടയാൻ കാബൂൾ നടപടി സ്വീകരിക്കണമെന്നും പാകിസ്താൻ പലതവണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാൻ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ടിടിപി അഫ്ഗാൻ താലിബാനുമായി അടുത്ത സഖ്യബന്ധമുള്ള സംഘടനയാണെങ്കിലും ഇരു സംഘടനകളും വ്യത്യസ്തമാണ്. 2021ലാണ് അഫ്ഗാൻ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരത്തിലെത്തിയത്.



