യൂട്യൂബിലൂടെ സ്വര്‍ണവും പണവും വജ്രവും പ്രദര്‍ശിപ്പിച്ചു; മോഷ്ടാക്കള്‍ ഇന്‍ഫ്ളുവന്‍സറുടെ 120പവനുമായി കടന്നു

ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള വസ്തുക്കളും പണവും പ്രദര്‍ശിപ്പിച്ച ഇന്‍ഫ്ളുവന്‍സറുടെ വീട്ടില്‍ വന്‍ മോഷണം. ഒരുകോടിയോളം മൂല്യമുള്ള സ്വര്‍ണ – വജ്രാഭരണങ്ങളും അമ്പതിനായിരും രൂപയുമാണ് യുവതിക്ക് നഷ്ടമായത്. കന്യാകുമാരിയില്‍ നിന്നുള്ള മധുമിത എന്ന യുവതിയാണ് സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. 120 പവന് സ്വര്‍ണം, വജ്രാഭരണങ്ങള്‍, അമ്പതിനായിരം രൂപ എന്നിവയാണ് മധുമിതയുടെ വീട്ടില്‍ നിന്നും നഷ്ടമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ 4.5ലക്ഷം ഫോളോവേഴ്സ് മധുമിതയ്ക്കുണ്ട്. സ്ഥിരമായി ആഢംബര ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളുമാണ് യുവതി യൂട്യൂബിലൂടെ അടക്കം പങ്കുവയ്ക്കുന്നത്. കെട്ടുകണക്കിന് പണവും സ്വര്‍ണാഭരണങ്ങളുമാണ് ഭൂരിഭാഗവും വീഡിയോയിലും കണ്ടന്റ്.വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. വീട്ടുകാര്‍ ഷോപ്പിങിന് പോയിരുന്ന സമയമാണ് നാഗര്‍കോവിലിലെ മധുമിതയുടെ വിഐപി ഗാര്ഡന് ഹൗസില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടത്. വീട്ടുകാര്‍ തിരിച്ചെത്തുമ്പോള്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കര്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. റീലുകളിലൂടെയോ പോസ്റ്റുകളിലൂടെയോ മോഷ്ടാക്കള്‍ക്ക് യുവതിയുടെ താമസസ്ഥലം മനസിലാക്കാന്‍ കഴിഞ്ഞോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
റീലുകളില്‍ ഒന്നില്‍ എങ്ങനെയാണ് വിലപ്പെട്ട സാധനങ്ങള്‍ സൂക്ഷിക്കേണ്ടതെന്ന് തനിക്ക് അറിയാമെന്ന് മധുമിത ഒരിക്കല്‍ പറഞ്ഞിരുന്നു. ഇന്‍ഫ്ളുവന്‍സറിന്റെ സോഷ്യല്‍ മീഡിയ ആക്ടിവിറ്റി നിരീക്ഷിച്ചാകാം മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു കുട്ടിയെ പണംകൊണ്ട് മൂടുന്നത് അടക്കമുള്ള വീഡിയോകള്‍ യുവതി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്താന്‍ അഞ്ച് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.



