Uncategorized

മുഖ്യമന്ത്രിക്ക് അവിശ്വാസമില്ല; ദേവസ്വം ബോർഡും സർക്കാരും രണ്ട് തട്ടിലല്ലെന്ന് പ്രസിഡന്റ് കെ.ജയകുമാർ

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്ക് വിയോജിപ്പോ അഭിപ്രായവ്യത്യാസമോ ഇല്ലെന്ന് പ്രസിഡന്റ് കെ. ജയകുമാർ. ദേവസ്വം ബോർഡിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ട്. ബോർഡിന്റെ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ വിശ്വാസമുണ്ട്. ബോർഡും സർക്കാരും തമ്മിൽ അവിശ്വാസത്തിലോ രണ്ട് തട്ടിലോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച‌യ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കെ.ജയകുമാർ.ദേവസ്വം മന്ത്രിയുമായി എന്തെങ്കിലും തരത്തിലുള്ള ആശയവിനിമയ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഉടൻ തന്നെ പരിഹരിച്ച് മുന്നോട്ടുപോകും. നിലവിൽ വിയോജിക്കേണ്ട സാഹചര്യങ്ങളൊന്നുമില്ലെന്നും കെ.ജയകുമാർ പറഞ്ഞു.ഒരു ദിവസം അരവണ ഉൽപാദനത്തിലോ വിതരണത്തിലോ കുറവുണ്ടാകുന്നത് സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്. വരാനിരിക്കുന്ന മണ്ഡലകാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യമായ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കും. സർക്കാർ പൂർണമായും ദേവസ്വം ബോർഡിനൊപ്പം ഉണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം ശബരിമല സീസണിൽ ദേവസ്വം ബോർഡും സർക്കാരും തമ്മിൽ യാതൊരുവിധ തർക്കങ്ങൾക്കും പോകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകളും കാലതാമസങ്ങളും അവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അത് കൃത്യമായി മോണിറ്റർ ചെയ്തുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു മുൻകൂട്ടി തുടങ്ങേണ്ട ചില കാര്യങ്ങളിൽ ഇടനിലക്കാരും ഇടത്തട്ടുകാരുംഇടപെടുന്നുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഇത്തവണ അത്തരം കളികളൊന്നും സമ്മതിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശബരിമല സീസണോട് അനുബന്ധിച്ച് 600ലധികം കോടി രൂപയുടെ റോഡ് നിർമാണ പ്രവർത്തനങ്ങൾക്കാണ് സർക്കാർ പണം അനുവദിച്ചിട്ടുള്ളത്. ശബരിമലയിലേക്ക് എത്തുന്ന വൻ തീർത്ഥാടക ജനസഞ്ചയത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യാനും ദേവസ്വം ബോർഡ് ആവശ്യപ്പെടുന്ന ഏതു സഹായവും നൽകാനും സർക്കാർ സന്നദ്ധമാണ്. ഈ തീർത്ഥാടനകാലം പൂർണമായും പരാതിരഹിതമായി മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായി പൊലീസിനും ഫയർഫോഴ്സിനും നിർദേശങ്ങൾ നൽകിക്കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button