‘കൊതുക്’ പിടിയിൽ; വർഷങ്ങളോളം വനത്തിൽ ഒളിവിൽ കഴിഞ്ഞ സീരിയൽ കില്ലർ

പതിനാറ് പേരെ കൊലപ്പെടുത്തിയ കേസിൽ വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന സീരിയൽ കില്ലർ ബ്രസീലിൽ പിടിയിലായി. മെലിഞ്ഞ ശരീരപ്രകൃതം കാരണം ‘കൊതുക്’ (Mosquito) എന്ന് നാട്ടുകാർ വിളിച്ചിരുന്ന ജോർലാൻ ലോപ്സ് ഡാ സിൽവ (33) എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. വർഷങ്ങളോളം കാട്ടിൽ കുടിലുകെട്ടി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് പൊലീസ് പിടികൂടിയത്.
ബ്രസീലിലെ പരായിബ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശമായ മുലുങ്കുവിൽ മൂന്ന് മാസത്തിനിടെ തുടർച്ചയായി കൊലപാതകങ്ങൾ നടന്നതിന്റെ കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലായിരുന്നു അറസ്റ്റ്. കാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നതുകൊണ്ടാണ് ഇത്രയും നാൾ പൊലീസിന് പിടികൂടാൻ സാധിക്കാതിരുന്നത്. താൻ കുറ്റവാളികളെ മാത്രമാണ് ആക്രമിച്ചിട്ടുള്ളതെന്നാണ് പ്രതിയുടെ വാദം. എന്നാൽ അന്വേഷണത്തിൽ നിരപരാധികളും ഇയാളുടെ ഇരകളായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. 13-ാം വയസിലാണ് താൻ ആദ്യമായി കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.




