വീതി കുറഞ്ഞ വഴിയിൽ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞ് അപകടം; കോഴിക്കോട് 26കാരി മരിച്ചു

വീതി കുറഞ്ഞ വഴിയിൽ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. നരിക്കുനി കൂടത്തിൽ സ്വദേശിനി മുർഷിത (26) ആണ് മരിച്ചത്. കോഴിക്കോട് നരിക്കുനിയിലായിരുന്നു അപകടം. നരിക്കുനി -പന്നൂർ റോഡിൽ കൂടത്തിൽ എന്ന സ്ഥലത്ത് വച്ച് ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് ഇലക്ട്രിക് സ്കൂട്ടർ റോഡിൽ നിന്നും ഒന്നര മീറ്ററോളം താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. കാൽ കുത്തിയപ്പോൾ പുറത്തേക്കായതാണ് അപകട കാരണം.
അതേസമയം, സുൽത്താൻ ബത്തേരി കൊളഗപ്പാറയ്ക്ക് സമീപം 58 ൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ട് പേർ മരിച്ചു. കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ 13 പേരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസൂർ മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.ട്രാവലർ ഡ്രൈവർ ആണ് രഞ്ജിത്ത്. മരണപ്പെട്ട ഭരത് കുക്കാണ്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് ട്രാവലർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്ത് എടുത്തത്. മൂന്നാറിൽ നിന്ന് തിരികെ മൈസൂരിലേക്ക് വരുമ്പോൾ ആണ് ട്രാവലർ അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ലോറിക്ക് വശം ഒതുങ്ങി കൊടുക്കുന്നതിനിടെ ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.




