‘ലേബർ കോഡിനെ ദേശീയതലത്തിൽ എതിർക്കുന്ന കോൺഗ്രസിന് വി ഡി സതീശൻ കേരളത്തിൽ സ്വീകരിക്കുന്ന നിലപാടിനോട് എന്താണ് പ്രതികരണം’: വി ശിവൻകുട്ടി

കേന്ദ്രസർക്കാർ പാസാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡ് സംസ്ഥാനത്ത് നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ സിപിഐഎം. കോർപറേറ്റ് മുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും യുഡിഎഫും സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ശിവൻകുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.കോർപ്പറേറ്റ് മുതലാളി താൽപര്യം സംരക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ ലേബർ കോഡ് നടപ്പിലാക്കിയത്. ദേശീയതലത്തിൽ കോൺഗ്രസ് ലേബർ കോഡിനെ അതിശക്തമായി എതിർത്ത് രംഗത്തു വന്നിരുന്നു. എന്നാൽ, അതേ കോൺഗ്രസിൻറെ മുഖ്യമന്ത്രി കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയാണെന്ന് വി ശിവൻകുട്ടി പറഞ്ഞു.
300 തൊഴിലാളികളിൽ താഴെയുള്ള വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഒരു അനുമതിയും വേണ്ട എന്നാണ് ലേബർ കോഡിൽ പറയുന്നത് .
ഇതൊക്കെ കേരളത്തിൽ നടപ്പിലാക്കിയാൽ തൊഴിലാളികളുടെ അവസ്ഥ എന്താണെന്ന് ശിവൻകുട്ടി ചോദിച്ചു.ലേബർ കോഡിനെ ദേശീയതലത്തിൽ എതിർക്കുന്ന കോൺഗ്രസിന് വി ഡി സതീശൻ കേരളത്തിൽ സ്വീകരിക്കുന്ന നിലപാടിനോട് എന്താണ് പ്രതികരണം എന്നറിയാൻ താൽപര്യമുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.




