മലപ്പുറം സ്വദേശി ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയത് ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ, പ്രതി ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് പിടിയിൽ

കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 1.19 കോടി രൂപയിലധികം തട്ടിയെടുത്ത കേസിൽ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതി ഹൈദരാബാദ് വിമാനത്താവളത്തിൽ പിടിയിൽ. മലപ്പുറം സ്വദേശി ഷംഷാദ് ചുരകുത്ത് ആണ് പിടിയിലായത്. 2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് സംഭവം.
നീലേശ്വരം സ്വദേശിയായ 80 വയസ്സുകാരനായ ഡോക്ടറെ ഫോണിലൂടെയും വാട്സ്ആപ്പ് വീഡിയോ കോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ തങ്ങൾ മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നാണ് പരിചയപ്പെടുത്തിയത്. മണി ലോണ്ടറിങ് കേസിൽ ഡോക്ടർ ഉൾപ്പെട്ടിട്ടുണ്ടെന്നും “ഡിജിറ്റൽ അറസ്റ്റ്” ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്നു വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി ആകെ ₹1,19,35,000 പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്.
തുടർന്ന് കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17ന് തട്ടിയെടുത്ത 46,25,000 നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ ലെയർ-1 അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി




