ദില്ലി സർവകലാശാല തെരഞ്ഞെടുപ്പ് ഇന്ന്

ദില്ലി സർവകലാശാലയിൽ ഇന്ന് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്. വിദ്യാർത്ഥി സംഘടനകളായ എസ് എഫ് ഐയും ഐസയും ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇതോടെ ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരമാണ് നടക്കുന്നത്.പണമൊഴുക്കിയുള്ള പ്രലോഭനങ്ങളിലൂടെ തെരഞ്ഞെടുപ്പിന്റെ ജനാധിപത്യ സ്വഭാവത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന എൻഎസ്യുഐക്കും എബിവിപിക്കും എസ്എഫ്ഐ-ഐസ സഖ്യം കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഐസയുടെ അനന്യ രാതൂരിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐസയുടെ അക്ഷത് ശിഖാറുമാണ് മത്സരിക്കുന്നത്.
എസ്എഫ്ഐയുടെ സ്റ്റാൻസിൻ ദെസ്ക്യോങ് സെക്രട്ടറി സ്ഥാനത്തേക്കും എസ്എഫ്ഐയുടെ ബി പാരിജാത് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നത്. സത്യനികേതനിൽ കെട്ടിടം ഇടിഞ്ഞതിനുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റലുകളുടെ അഭാവം പ്രധാന ചർച്ച വിഷയമായ തെരഞെടുപ്പ് കൂടിയാണിത്.തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് എബിവിപി ആക്രമങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ദില്ലി ഹൈകോടതി യൂണിവേഴ്സിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് . മറുപടി തൃപ്തികരമല്ലെങ്ക്ലിൽ സെപ്റ്റംബർ 19-ലെ ഫലപ്രഖ്യാപനം സ്റ്റേ ചെയ്യുമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.എബിവിപിയുടെയും എൻഎസ് യുഐയുടെയും ആഡംബര രാഷ്ട്രീയത്തിനെതിരായികൂടിയാണ് എസ്എഫ്ഐ–ഐസ സഖ്യത്തിന്റെ പോരാട്ടമെന്നും സ്ഥാനാർത്ഥികൾ പറഞ്ഞു.




