തിരുവനന്തപുരം മൃഗശാല മാറ്റണമെന്ന ആവശ്യം; മുഖ്യമന്ത്രിക്ക് പിന്തുണയുമായി മേയർ വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരത്തില്‍ നിന്നും മാറ്റണമെന്ന വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി തിരുവനന്തപുരം മേയര്‍ വി വി രാജേഷ്. നഗരത്തിലായതിനാല്‍ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങള്‍ ചത്തു പോകുന്നുവെന്നും 160 വര്‍ഷങ്ങള്‍ക്കു മുമ്പ് മൃഗശാല നിര്‍മ്മിച്ചപ്പോഴുള്ള അന്തരീക്ഷമല്ല ഇപ്പോഴെന്നും മേയര്‍.നഗതരത്തില് മലിനീകരണവും ചൂടും കൂടിയിട്ടുണ്ട്. വാഹനങ്ങള്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നത് മൃഗങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നും വിവി രാജേഷ് പറഞ്ഞു. മൃഗങ്ങള്‍ ചാടിപ്പോകുന്ന നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൃഗങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ തൊട്ടടുത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടാകുന്നതായും മേയര്‍ ചൂണ്ടിക്കാട്ടി. പച്ചപ്പ് നിലനിര്‍ത്തിക്കൊണ്ട് ജനങ്ങള്‍ക്ക് സമയം ചെലവിടാനുള്ള സ്ഥലമാക്കി മൃഗശാലയെ മാറ്റണമെന്നും മേയര്‍ ആവശ്യപ്പെട്ടു. 36 ഏക്കറോളം വരുന്ന സ്ഥലത്താണ് തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത്. സ്ഥല പരിമതിയും മറ്റും ചൂണ്ടികാട്ടി മുന്‍പ് തന്നെ നഗരത്തില്‍ നിന്ന് മൃഗശാല മാറ്റണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടി ഉണ്ടായിരുന്നില്ല.
തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത് ഉചിതമായ സ്ഥലത്തല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു. നഗരത്തിലെ മൃഗശാല മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്നും നെയ്യാര്‍ പോലെ വനമേഖലയോട് ചേര്‍ന്ന് സ്ഥലത്തേക്ക് മാറ്റുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.




