Uncategorized

പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തി ഏഷ്യൻ ഗെയിംസിനുമില്ല, പകരക്കാരനായി സര്‍പ്രൈസ് താരത്തെ പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമില്‍ നിന്നും പുറത്തായി. നേരത്തെ അഫ്ഗാനിസ്ഥാനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്ന് പുറത്തായ വരുണ്‍ ഏഷ്യൻ ഗെയിംസിലും കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിനിടെ വയറിലെ പേശികൾക്കേറ്റ പരിക്കാണ് വരുണിന് വില്ലനായത്. തുടർ പരിശോധനകൾക്കായി അദ്ദേഹത്തെ ബംഗളൂരുവിലെ ബിസിസിഐ സെന്‍റർ ഓഫ് എക്സലൻസിലേക്ക് അയച്ചുവെന്നും ബിസിസിഐ വ്യക്തമാക്കി.

വരുൺ ചക്രവർത്തിക്ക് പകരം ഐപിഎല്ലില്‍ ഡൽഹി ക്യാപിറ്റൽസിന്‍റെ അൺ ക്യാപ്പ്ഡ് ഓൾറൗണ്ടറായ വിപ്രജ് നിഗത്തിനെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. സെപ്റ്റംബർ 19-ന് ഏഷ്യൻ ഗെയിംസിന് തിരിതെളിയുമെങ്കിലും പുരുഷന്മാരുടെ ക്രിക്കറ്റ് മത്സരങ്ങൾ സെപ്റ്റംബർ 24 മുതലാണ് ആരംഭിക്കുന്നത്. ടൂർണമെന്റിൽ നേരിട്ട് ക്വാർട്ടർ ഫൈനൽ കളിക്കുന്ന ഇന്ത്യ, അതിനു മുന്നോടിയായി സെപ്റ്റംബർ 22-ന് ജപ്പാനെതിരെ ടി20 മത്സരത്തിൽ കളത്തിലിറങ്ങും.

ഹാംസ്ട്രിംഗ് പരിക്കിൽ നിന്ന് മുക്തനായി അടുത്തിടെയാണ് വരുൺ ദേശീയ ടീമിലേക്ക് തിരിച്ചെത്തിയത്. എന്നാൽ വീണ്ടും പരിക്കേറ്റതോടെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളും ഏഷ്യൻ ഗെയിംസും അദ്ദേഹത്തിന് നഷ്ടമാകും. വരുണിന് പകരം പരിഗണനയിലുണ്ടായിരുന്ന കുൽദീപ് യാദവിനെ വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലേക്ക് പരിഗണിക്കുന്നതിനാലാണ് വിപ്രജ് നിഗത്തിന് ഏഷ്യൻ ഗെയിംസ് ടീമില്‍ അവസരം ലഭിച്ചത്.ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന 21-കാരനായ വിപ്രാജ് നിഗത്തിന് ഏഷ്യൻ ഗെയിംസ് സുവർണ്ണാവസരമാണ്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ച 19 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ വീഴ്ത്തിയ വിപ്രജ്, ലോവർ ഓർഡറിൽ 176 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശുന്ന മികച്ച ഫിനിഷർ കൂടിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button