Uncategorized

മുട്ടില്‍ മരംമുറി വഞ്ചനാക്കേസ്: ചോറ്റാനിക്കര കോടതിയിലെ നടപടികള്‍ക്ക് സ്റ്റേയില്ല, ആറു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

കൊച്ചി: മുട്ടില്‍ മരംമുറി വഞ്ചന കേസില്‍ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയില്‍ മരംമുറി കേസ് നടക്കുന്നതിനാല്‍ ചോറ്റാനിക്കര കോടതിയില്‍ കേസ് പരിഗണിക്കേണ്ടതില്ല എന്നായിരുന്നു പ്രതികളുടെ വാദം. വിചാരണ കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയില്‍ നടപടി പുരോഗമിക്കുകയാണെന്ന് പ്രതികള്‍ അറിയിച്ചതിനാല്‍ നേരത്തെ മജിസ്ട്രേറ്റ് കോടതി പലതവണ കേസ് മാറ്റിവച്ചിരുന്നു.

മജിസ്ട്രേറ്റ് കോടതി കടുത്ത നിലപാട് സ്വീകരിച്ചതോടെ കഴിഞ്ഞ വെള്ളിയാഴ്ച പ്രതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായിരുന്നു. പ്രതികള്‍ക്കെതിരായ കുറ്റപത്രം വായിക്കുന്നത് സെപ്റ്റംബര്‍ 19ലേക്ക് മജിസ്‌ട്രേറ്റ് കോടതി മാറ്റിയിരുന്നു.

വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ മരങ്ങള്‍ വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലിസ് എടുത്ത കേസ്.

കമ്പനി ഉടമ എം.എം. അലിയാര്‍ നല്‍കിയ പരാതിയിലാണ് 2021ല്‍ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. സെപ്റ്റംബര്‍ 19ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ശേഷം കോടതി കൂടുതല്‍ നടപടികളിലേക്ക് കടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button