അത്ലറ്റിക്സ് സീരീസിൽ സ്വർണം കൊയ്ത് മലയാളികൾ; വേഗമേറിയ രണ്ടാമത്തെ താരമായി ഹരിത ഭദ്ര

ദില്ലിയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ അത്ലറ്റിക്സ് സീരീസിൽ സ്വർണം കൊയ്ത് മലയാളി താരങ്ങൾ. അൻസി സോജൻ, കാർത്തിക് ഉണ്ണികൃഷ്ണൻ, മുഹമ്മദ് അഫ്സൽ എന്നിവരാണ് സ്വർണം മെഡലുകൾ നേടിയത്. വനിതകളുടെ ലോങ് ജമ്പിൽ 6.76 മീറ്റർ ചാടിയാണ് അൻസി സ്വർണം സ്വന്തമാക്കിയത്. പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ മെഡൽ കരസ്ഥമാക്കിയ കാർത്തിക് 16.43 മീറ്റർ ചാടി. പുരുഷന്മാരുടെ 800 മീറ്ററിലാണ് അഫ്സലിന്റെ നേട്ടം. 1:46.40 മിനിറ്റ് എടുത്താണ് അഫ്സൽ സ്വർണം കഴുത്തിലണിഞ്ഞത്.
അതേസമയം, വനിതകളുടെ 100 മീറ്റർ ഫൈനലിൽ സ്വർണം നേടി മഹാരാഷ്ട്രയിൽ നിന്നുള്ള ഹരിത ഭദ്ര രിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ വനിതാ താരമായി മാറി. 11.22 സെക്കൻഡ് എടുത്താണ് 23 കാരി ഫിനിഷ് ചെയ്തത്. 2021-ൽ ദ്യുതി ചന്ദ് സ്ഥാപിച്ച ദേശീയ റെക്കോഡിലേക്ക് 0.05 സെക്കൻഡ് മാത്രമാണ് ദൂരമുണ്ടായിരുന്നത്. ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 200 മീറ്ററിലെ ഇന്ത്യയ്ക്ക് വേണ്ടി ഹരിത കളത്തിലിറങ്ങുന്നുണ്ട്. ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ അവസാനമാണ് ഹരിത ഇടം നേടിയത്. വനിതാ ഹാമർ ത്രോയിൽ ഉത്തർപ്രദേശ് താരം താന്യ ചൗധരി 68.35 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡ് സ്ഥാപിച്ചു. 2017-ൽ സരിത സിങ് എറിഞ്ഞ 65.25 മീറ്ററിന്റെ റെക്കോഡാണ് താന്യ തകർത്തത്.
പുരുഷാ ഹാമർ ത്രോയിലും ദേശീയ റെക്കോഡ് പിറന്നു. 71.02 മീറ്റർ ദൂരത്തേക്ക് ഹാമർ എറിഞ്ഞ് ഡൽഹിയുടെ നിർഭയ് ചൗധരിയാണ് പുതിയ റെക്കോഡിന് ഉടമയായത്. 2016-ൽ നീരജ് കുമാർ സ്ഥാപിച്ച 70.73 മീറ്ററിന്റെ റെക്കോഡാണ് താരം പഴങ്കഥയാക്കിയത്.




