Uncategorized

കന്നുകാലി കച്ചവടത്തിലെ കുട്ടിത്താരം; ആയിരത്തിലേറെ പോത്തുകളെ വിറ്റ് പൂക്കോട്ടൂരിന്റെ ‘ബെല്ലാരി രാജ’യായി ആറാം ക്ലാസുകാരന്‍ മില്‍ഹാന്‍

മലപ്പുറം: കന്നുകാലി വ്യാപാര രംഗത്ത് വന്‍ തരംഗമായി മാറുകയാണ് പൂക്കോട്ടൂര്‍ എ.യു.പി. സ്‌കൂളിലെ ആറാം ക്ലാസുകാരനായ മില്‍ഹാന്‍ എന്ന പന്ത്രണ്ടുകാരന്‍. ‘മുത്തുമോന്‍’ എന്ന് പ്രിയത്തോടെ വിളിക്കുന്ന ഈ കുട്ടി വ്യാപാരി ഒന്നര വര്‍ഷത്തിനിടെ വിറ്റഴിച്ചത് ആയിരത്തിലധികം പോത്തുകളെയാണ്. കന്നുകാലി കച്ചവടത്തിലെ സമാനതകളില്ലാത്ത മികവ് കൊണ്ട് പൂക്കോട്ടൂരിന്റെ ‘ബെല്ലാരി രാജ’ എന്ന പേരും ഈ കൊച്ചുമിടുക്കന്‍ സ്വന്തമാക്കി കഴിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കന്നുകാലി വ്യാപാരി കൂടിയാണ് മില്‍ഹാന്‍. മരിയാട് പണ്ടാരപ്പെട്ടി വീട്ടില്‍ പിതാവ് മുസ്തഫയുടെ കന്നുകാലി കച്ചവടം കണ്ടാണ് മില്‍ഹാന്‍ വളര്‍ന്നത്. ചെറുപ്പത്തിലേ ആടും കോഴിയും പോത്തിന്‍കിടാവുമൊക്കെയായി ബന്ധം സ്ഥാപിച്ച മില്‍ഹാന്‍ പിതാവിനൊപ്പം വാശിപിടിച്ച് ചന്തകളില്‍ പോകുമായിരുന്നു. നാലാം ക്ലാസിലെത്തിയതോടെ കച്ചവടത്തിന്റെ സകല തന്ത്രങ്ങളും പകര്‍ന്നെടുത്ത മില്‍ഹാന്‍ കച്ചവടം പൂര്‍ണ്ണമായും തന്റെ കൈകളിലാക്കി.

നിലവില്‍ തുക നല്‍കലും വാങ്ങലും മാത്രമാണ് പിതാവ് മുസ്തഫ ചെയ്യുന്നത്. കച്ചവടത്തിലെ മകന്‍റെ രീതികളും അറിവും കണ്ട് അമ്പരന്നതോടെയാണ് മുസ്തഫ വ്യാപാരം മകനെ ഏല്‍പ്പിച്ചത്. മില്‍ഹാന്‍റെ അപാരമായ കച്ചവട ശൈലി നേരില്‍ കാണാന്‍ പ്രമുഖരടക്കം നിരവധി പേരാണ് ചന്തകളില്‍ എത്തുന്നത്. കച്ചവടത്തിനൊപ്പം പഠനത്തിലും പൂക്കോട്ടൂര്‍ എ.യു.പി സ്‌കൂളിലെ ഈ വിദ്യാര്‍ത്ഥി മിടുക്കനാണ്. ദിവസവും രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് ആടിനെയും പോത്തിനെയും പറമ്പില്‍ കൊണ്ടുപോയി കെട്ടുന്നതും വെള്ളം നല്‍കുന്നതുമെല്ലാം മില്‍ഹാന്‍ തന്നെയാണ്. സ്‌കൂള്‍ വിട്ടു വന്ന ശേഷവും ഇവയുടെ പരിപാലനം ഏറ്റെടുക്കും. ഞായറാഴ്ചകളില്‍ ചട്ടിപ്പറമ്പ് ചന്തയില്‍ അതിരാവിലെ തന്നെ മില്‍ഹാന്‍ കച്ചവടത്തിനായി എത്തും. ഭാവിയില്‍ നന്നായി പഠിച്ച് നല്ലൊരു ജോലി നേടുന്നതിനൊപ്പം കന്നുകാലി വ്യാപാരവും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button