കുഞ്ഞിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ, അടിയന്തര അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം: ഒരുവയസുകാരിയുടെ ശരീരത്തില്‍ നിന്ന് സൂചി കണ്ടെത്തിയതില്‍ കോട്ടയം മെഡിക്കല്‍ കോളേജിനെതിരായ പരാതിയില്‍ ഇടപെട്ട് മന്ത്രി ബിന്ദു കൃഷ്ണ. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി. കുടുംബത്തിന്റെ പരാതിയിലാണ് നടപടി. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ സംഭവം അന്വേഷിക്കും. ചികിത്സയ്ക്കിടെയാണോ സൂചി കുട്ടിയുടെ ശരീരത്തില്‍ എത്തിയതെന്നാണ് പരിശോധിക്കുക. ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവത്തില്‍ ആണ് കേസ്. കോട്ടയം എസ്പിയോടും ആശുപത്രി സൂപ്രണ്ടിനോടും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ ചികിത്സാ പിഴവ് ഇല്ലെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെ സൂചി കയറാന്‍ ഒരു സാധ്യതയുമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ റിപ്പോർട്ട് തള്ളി കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നായിരിക്കും അന്വേഷണ റിപ്പോർട്ട് എന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവ് വിനീഷ് പറഞ്ഞു. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്. ആശുപത്രിയുടെ ഭാഗത്ത് നിന്നാണ് വീഴ്ച സംഭവിച്ചത് എന്നതിനുള്ള മുഴുവൻ തെളിവുകളും തങ്ങളുടെ പക്കൽ ഉണ്ടെന്നും വിനീഷ് വ്യക്തമാക്കി.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ജനിച്ച കുഞ്ഞിന്റെ ശരീരത്തില്‍ നിന്നായിരുന്നു ഒരു വര്‍ഷത്തിന് ശേഷം സൂചി പുറത്തെടുത്തത്. പിന്നാലെ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതിയുമായി കുടുംബം രംഗത്തെത്തുകയായിരുന്നു. ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ചുവിന്റെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തില്‍ നിന്നുമാണ് സൂചി കണ്ടെത്തിയത്. കുട്ടി ജനിച്ചപ്പോള്‍ തന്നെ പ്രശ്‌നം ചൂണ്ടിക്കാട്ടിയതാണെന്നും എന്നാല്‍ യാതൊരു പ്രശ്‌നവും ഇല്ലെന്ന് അന്ന് മുതലേ ഡോക്ടര്‍മാര്‍ പറയുന്നതായും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. കുഞ്ഞിന് ഒരു വര്‍ഷത്തോളം വേദനയും ശരീരത്തില്‍ തടിപ്പും അനുഭവപ്പെട്ടിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു പ്രസവം. ജനനത്തിന് പിന്നാലെ പനിയും മഞ്ഞപ്പും ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ശരീരത്തില്‍ അസ്വാഭാവികമായ തടിപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് കുടുംബം ചൂണ്ടിക്കാട്ടുന്നത്.
തടിപ്പിന്റെ കാരണത്തെക്കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ അറിയിച്ചെങ്കിലും നടത്തിയ സ്‌കാനിങ്ങില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് കുഞ്ഞിനെ തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പിന്നീട് പരിശോധിച്ചപ്പോഴാണ് തടിപ്പ് ഉണ്ടായിരുന്ന ഭാഗത്ത് സ്‌കാനിങ് നടത്തിയിരുന്നില്ലെന്ന് മനസിലായതെന്നും മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞ ദിവസം തടിപ്പ് വീണ്ടും വലുതായതോടെ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നുള്ള ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന സൂചി കണ്ടെത്തിയത്.




