ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറി; ഡോക്ടർക്ക് പിഎച്ച്സിയിലേക്ക് സ്ഥലം മാറ്റം

കൊല്ലം: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഡോക്ടർക്ക് സ്ഥലം മാറ്റം. അസിസ്റ്റന്റ് സർജൻ രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണൻ രോഗിയോടും ഒപ്പമെത്തിയവരോടും കയർത്തു സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. “പനിയും ശരീരവേദനയും എമർജൻസിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നുവച്ചിരിക്കുന്നത് നിങ്ങൾക്ക് ഓടിക്കയറാനല്ല, ഇത് തോന്ന്യവാസമാണ്” എന്നിങ്ങനെയായിരുന്നു ഡോക്ടറുടെ പ്രതികരണം.



