Uncategorized

സഹോദരൻ്റെ ബൈക്ക് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചു; വീടുവിട്ടിറങ്ങിയ 15-കാരനെ ദില്ലിയിൽ കണ്ടെത്തി, തിരിച്ചെത്തിച്ചു

മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 15-കാരനെ ദില്ലിയിൽ കണ്ടെത്തി. കരുളായി സ്വദേശിയായ വിദ്യാർഥിയെ ഓഗസ്റ്റ് 22 മുതലാണ് കാണാതായത്. സംഭവത്തിൽ പൂക്കോട്ടുംപാടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

സമൂഹമാധ്യമങ്ങൾ വഴിയും കുട്ടിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. ഇതിനിടെ ദില്ലി മെട്രോ സ്റ്റേഷനിൽ വെച്ച് കരുളായി സ്വദേശികളായ സംഘം കുട്ടിയെ തിരിച്ചറിയുകയും വിവരം ഉടനടി പൂക്കോട്ടുംപാടം പോലീസിനെ അറിയിക്കുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം പൂക്കോട്ടുംപാടം പോലീസ് സംഘം ദില്ലിയിലെത്തി കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു.

നാട്ടിലെത്തിച്ച വിദ്യാർഥിയെ പെരിന്തൽമണ്ണ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം അയച്ചു. പൂക്കോട്ടുംപാടം ഇൻസ്പെക്ടർ അബ്ദുൽ കരീം, സീനിയർ സിവില്‍ പോലീസ് ഓഫിസർ ജിനാസ് ബക്കർ, സിവിൽ പോലീസ് ഓഫിസർമാരായ അഫ്സൽ ബാബു, സാബിറലി എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും കുട്ടിയെ കണ്ടെത്തുന്നതിനുമായി ഡൽഹിയിലെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button