ഹോര്‍മൂസ് കടലിടുക്കിന് സമീപം ക്രൂഡ് ഓയില്‍ ടാങ്കറിന് നേരെ ആക്രമണം; വീണ്ടും സുരക്ഷാ ഭീഷണി

മസ്ക്കറ്റ് : ഹോര്‍മൂസ് കടലിടുക്ക് വഴി അറേബ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിക്കുന്നതിനിടെ ഒമാനിലെ ഖസബിന് സമീപം ക്രൂഡ് ഓയില്‍ ടാങ്കറിന് നേരെ അജ്ഞാതരുടെ ആക്രമണം നടന്നതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (UKMTO) സ്ഥിരീകരിച്ചു. ആക്രമണം നടന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്. കപ്പലിന്റെ പേരോ തിരിച്ചറിയല്‍ വിവരങ്ങളോ ആക്രമണത്തിന്റെ ഉറവിടമോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.ആക്രമണത്തില്‍ ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ ഗതാഗത പാതകളിലൊന്നായ ഹോര്‍മൂസ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ നേരിടുന്ന സുരക്ഷാ ഭീഷണികള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ സംഭവം.
ഈ സംഭവത്തില്‍ അമേരിക്കന്‍ സേനയ്ക്ക് പങ്കുണ്ടോ എന്നതില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ഇറാനുമായി വ്യാപാരം നടത്തുന്ന കപ്പലുകളെ തടയുന്നതിനായി അമേരിക്ക നടപ്പാക്കിവരുന്ന സമുദ്ര ഉപരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഇത് ശ്രദ്ധേയമാകുന്നത്.




