Uncategorized

‘കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ ഇത് വില്ലേജ് ഓഫീസല്ല’; ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതിയുടെ ശകാരം

കൊച്ചി: കേസ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കീഴുദ്യോഗസ്ഥനെക്കൊണ്ട് അപേക്ഷ നൽകിയ ആഭ്യന്തര സെക്രട്ടറി മിൻഹാജാ ആലത്തിനെതിരെ കടുത്ത ശകാരവുമായി ഹൈക്കോടതി. കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ ഇത് വില്ലേജ് ഓഫീസോ തഹസിൽദാർ ഓഫീസോ അല്ലെന്നും ആഭ്യന്തര സെക്രട്ടറിക്ക് കേസ് മാറ്റിവെക്കണമെന്ന ആവശ്യമുണ്ടെങ്കിൽ സെക്രട്ടറി തന്നെ നേരിട്ട് അതിനുള്ള അപേക്ഷ നൽകണമെന്നും മേലാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യരുതെന്നും ഹൈക്കോടതി താക്കീത് നൽകി.

മുൻ ഡി.ജി.പി. എസ്. ശ്രീജിത്ത് മുൻപ് നടത്തിയ വിദേശയാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിലാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഹർജി. എന്നാൽ ഈ കേസിൽ വിജിലൻസ് അന്വേഷണത്തിൻ്റെ ആവശ്യമില്ലെന്നും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തേണ്ട യാതൊരു കാര്യവും ഇതിലില്ലെന്നും ആഭ്യന്തര സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരായി സർക്കാരിന്റെ നിലപാട് വിശദീകരിക്കുകയും കേസ് കോടതി അവസാനിപ്പിക്കുകയും ചെയ്തു.

കേസ് അവസാനിപ്പിച്ചെങ്കിലും, മുൻപ് കേസ് മാറ്റിവെക്കാനായി കീഴുദ്യോഗസ്ഥനെക്കൊണ്ട് അപേക്ഷ നൽകിച്ച ആഭ്യന്തര സെക്രട്ടറിയുടെ നടപടിയാണ് കോടതിയെ വല്ലാതെ ചൊടിപ്പിച്ചത്. ഇത്തരം നടപടികൾ മേലാൽ ആവർത്തിക്കരുതെന്നും, അങ്ങനെ ചെയ്‌താൽ ഹൈക്കോടതിയിൽ നിരന്തരം നേരിട്ട് ഹാജരാകേണ്ടി വരുന്ന അവസ്ഥയുണ്ടാകുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ആഭ്യന്തര സെക്രട്ടറിക്ക് കർശനമായ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button