Uncategorized

ഡല്‍ഹിയില്‍ സിഎന്‍ജി നിറയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ ട്രക്കിന്റെ സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ടിക്രി കലാന്‍ മെട്രോ സ്റ്റേഷനു സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്ഥലത്ത് വന്‍ പൊലീസ്, അഗ്‌നിരക്ഷാ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

മരിച്ച മൂന്ന് പേരും ഗ്യാസ് ഫില്ലിങ് സ്റ്റേഷനിലെ ജീവനക്കാരാണ്. പരിക്കേറ്റവരില്‍ ട്രക്ക് ഡ്രൈവറും ഉള്‍പ്പെടുന്നു. ഇവരെ മുണ്ട്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ടിക്രി കലാന്‍ മെട്രോ സ്റ്റേഷന് സമീപം ബുധനാഴ്ച വൈകിട്ട് 3.30ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. ട്രക്കിന് സമീപം ആറ് പേര്‍ ഉണ്ടായിരുന്ന സമയത്താണ് സിഎന്‍ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.ഗ്യാസ് സിലിണ്ടര്‍ നിറയ്ക്കുന്നതിനിടെ ജോലി ചെയ്തിരുന്ന 25കാരനായ മനീഷ് സ്‌ഫോടനത്തില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സണ്ണി (30), ബ്രഹ്‌മ്ജീത് (34) എന്നിവരാണ് പിന്നീട് മരിച്ചത്. ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് പേര്‍ക്കും പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സിഎന്‍ജി സിലിണ്ടറിലും റീഫില്ലിങിന് ഉപയോഗിച്ച ഉപകരണങ്ങളിലും സാങ്കേതിക തകരാറുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഡല്‍ഹി ഫയര്‍ സര്‍വീസിന് വൈകിട്ട് 3.37ഓടെയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ആറ് ഫയര്‍ ടെന്‍ഡറുകള്‍ സ്ഥലത്തേക്ക് എത്തി. സ്‌ഫോടനത്തിന് പിന്നാലെ സമീപത്തുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ്, അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ എന്നിവർ ഉടന്‍ സ്ഥലത്തെത്തി.

ഫോറന്‍സിക് സയന്‍സ് സംഘവും ക്രൈം യൂണിറ്റും സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങളും ഫോറന്‍സിക് തെളിവുകളും പരിശോധിച്ചു വരികയാണ്. സിഎന്‍ജി സിലിണ്ടറിലോ റീഫില്ലിങിനുപയോഗിച്ച ഉപകരണങ്ങളിലോ ഉണ്ടായ തകരാറാണ് സ്‌ഫോടനത്തിന് കാരണമായതെന്ന സാധ്യതയും പരിശോധിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button