പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷ്ടിച്ചു; വഴിമധ്യേ ടയർ പഞ്ചറായതിനാല്‍ ഉപേക്ഷിച്ച് മുങ്ങി മോഷ്ടാക്കള്‍

മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ബസ് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലുള്ള ഡിപ്പോയില്‍ നിന്ന് പുത്തന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ്, ഡ്രൈവറുടെ സീറ്റിലിരുന്ന് ഒരാള്‍ പാര്‍ക്കിംഗ് സ്ഥലത്തുനിന്ന് പിന്നോട്ട് എടുത്ത് പുറത്തേക്ക് ഓടിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തിങ്കളാഴ്ച രാത്രി വൈകി ജംനര്‍ എസ്ടി ഡിപ്പോയില്‍ നിന്ന് ബസ് കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
എന്നാല്‍ ബസ് മോഷ്ടിക്കപ്പെട്ടു എന്നതിന് പുറമേ ബസ് അധികദൂരം സഞ്ചരിക്കുന്നതിന് മുന്‍പുതന്നെ വഴിമധ്യേ ടയര്‍ പഞ്ചറായി എന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് ഒരു ഗ്രാമത്തിന് സമീപം വാഹനം ഉപേക്ഷിച്ച് മോഷ്ടാക്കള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.



