Uncategorized

വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടി, പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം; ഗതാഗതവും കുടിവെള്ള വിതരണവും തടസപ്പെട്ടു

തൃശൂര്‍: പുതുക്കാട് മുപ്ലിയം റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. സ്‌നേഹപുരത്ത് മുട്ടിപ്പാലത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയതാണ് ഗര്‍ത്തം രൂപപ്പെടാന്‍ കാരണം. വെള്ളം ശക്തിയായി ഒഴുകിയതോടെ ടാറിങ്ങും മണ്ണും ഒലിച്ചുപോയാണ് വലിയ ഗര്‍ത്തം രൂപപ്പെട്ടത്. പുതുക്കാട് പമ്പ് ഹൗസില്‍ നിന്ന് ചെങ്ങാലൂരിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയത്. ഇതോടെ മുപ്ലിയം പുതുക്കാട് റോഡിലൂടെയുള്ള ഗതാഗതവും കുടിവെള്ള വിതരണവും തടസ്സപ്പെട്ടു. ബസ്സുകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയായി. കിഫിബി ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്താന്‍ പോകുന്ന റോഡിലാണ് കുടിവെള്ള പൈപ്പ് പൊട്ടി ഗര്‍ത്തം രൂപപ്പെട്ടത്.

വാട്ടര്‍ അതോറിറ്റി അധികൃതര്‍ എത്തി പൈപ്പിന്‍റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. കുടിവെള്ള വിതരണം നിര്‍ത്തിവച്ചതോടെ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായി. കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഇടപെട്ട് റോഡിന്‍റെ അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മേഖലയില്‍ കാലപ്പഴക്കം ചെന്ന പൈപ്പ് പൊട്ടുന്നത് പതിവാണെന്ന് പഞ്ചായത്തംഗം ജോയ് മഞ്ഞളി പറഞ്ഞു . റോഡ് നവീകരണത്തിന് മുന്‍പ് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button