എന്റെ ഭര്‍ത്താവ് എവിടെ?’;കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി ഷിജിന്റെ കുടുംബം

തിരുവനന്തപുരം: പ്രതിഷേധം ശക്തമാക്കി കാണാതായ മത്സ്യത്തൊഴിലാളി ഷിജിന്റെ കുടുംബം. അഞ്ചുതെങ്ങില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഷിജിനെ കാണാതായിട്ട് എട്ട് ദിവസമായി. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതിലാണ് കുടുംബത്തിന്റെ പ്രതിഷേധം. ഷിജിന്റെ ഭാര്യയും മക്കളും ഉള്‍പ്പടെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ഉത്തരം ലഭിക്കുന്നത് വരെ തങ്ങള്‍ റോഡില്‍ നിന്ന് മാറില്ലെന്നാണ് കുടുംബം പറയുന്നത്. ശക്തമായ മഴയിലും കുടുംബം റോഡില്‍ കുത്തിയിരിക്കുകയാണ്.
ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തന്റെ ഭര്‍ത്താവിനെ കണ്ടെത്തുന്നതിനായി നടപടി ഉണ്ടാകുന്നത് വരെ കുഞ്ഞുങ്ങളുമായി റോഡില്‍ തന്നെ ഇരിക്കുമെന്ന് ഷിജിന്റെ ഭാര്യ പ്രതികരിച്ചു. തങ്ങള്‍ക്ക് അധികാരികളുടെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി ലഭിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.




