നാല് മാസമായി റഷ്യയിൽ; നീറ്റ് ചോദ്യപേപ്പർ ചോർച്ച പ്രതിഷേധത്തിൽ എന്നെയും പ്രതി ചേർത്തു’; പരാതിയുമായി യുവാവ്

ന്യൂഡൽഹി: നാല് മാസമായി റഷ്യയിൽ കഴിയുന്ന തനിക്കെതിരെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസെടുത്തെന്ന പരാതിയുമായി യുവാവ്.
ബിഹാർ സ്വദേശിയായ മുഹമ്മദ് സദഖത്താണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
ബിഹാറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് മുഹമ്മദ് സദഖത്ത് പറയുന്നത്. കിഷൻഗഞ്ച് പൊലീസിൻ്റേതാണ് നടപടിയെന്നും യുവാവ് ആരോപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യുവാവ് ആരോപണം ഉന്നയിച്ചത്.
നാല് മാസമായി റഷ്യയിലാണെന്ന് വീഡിയോയിൽ യുവാവ് പറയുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 24 ന് എല്‍ആര്‍പി ചൗക്കില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ കേസെടുത്തത്. പ്രതിഷേധവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. റഷ്യയിൽ നിന്നാണ് യുവാവ് വീഡിയോ പങ്കുവെച്ചത്. യുവാവിൻ്റെ ആരോപണം ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.




