ഇന്ത്യയിലെ നമ്പര്‍ വണ്‍ എയര്‍പോര്‍ട്ട്, പക്ഷേ ഒരൊറ്റ സര്‍വീസില്ല; വിചിത്ര നേട്ടവുമായി ഖജുരാഹോ വിമാനത്താവളം

ന്യൂഡല്‍ഹി: ഒരൊറ്റ സര്‍വീസോ യാത്രക്കാരോ ഇല്ലാത്ത വിമാനത്താളത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഉപഭോക്തൃ സംതൃപ്തി സൂചികയില്‍ ഒന്നാം സ്ഥാനം. മധ്യപ്രദേശിലെ ഖജുരാഹോ വിമാനത്താവളത്തിനാണ് അപൂര്‍വമായ അംഗീകാരം ലഭിച്ചത്. ജൂലായ് മാസം മുതല്‍ ഇവിടെ നിന്നും ഒരു സര്‍വീസും ഉണ്ടായിട്ടില്ല.
എയര്‍പോര്‍ട്ടുകളുടെ വൃത്തി, സുരക്ഷ, ജീവനക്കാരുടെ പെരുമാറ്റം, യാത്രാ സൗകര്യങ്ങള്‍ എന്നിവ തുടങ്ങി 33 മാനദണ്ഡങ്ങള്‍ പരിഗണിച്ച്, യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സൂചിക തയ്യാറാക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായ ഫ്ളൈറ്റുകളുടെ എണ്ണം, കണക്ടിവിറ്റി, ട്രാഫിക്ക് എന്നിവ ഈ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ഘടകങ്ങള്‍ ഉള്‍പ്പെടുത്താത്തിനാല്‍ സാധാരണ തിരക്കുള്ള വിമാനത്താവളങ്ങളെക്കാള്‍ മികച്ച സേവനം നല്‍ക്കുന്നവയുടെ പട്ടികയില്‍ ചെറിയ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടാറുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യാത്രക്കാര്‍ കുറവായതും വലിയ തിരക്കില്ലാത്തതും മൂലം സുഗമമായ യാത്രാനുഭവം നല്‍കുന്നതായി യാത്രക്കാര്‍ സര്‍വേയില്‍ രേഖപ്പെടുത്തി. ചെറിയ ക്യു, പെട്ടെന്നുള്ള സെക്യൂരിറ്റി സ്ക്രീനിങ്, ബാഗേജ് ഡെലിവറി, തിരക്ക് കുറഞ്ഞ ടെര്‍മിനല്‍ എന്നിവ യാത്രക്കാര്‍ക്ക് മികച്ച എയര്‍പോര്‍ട്ടായി ഖജുരാഹോ തെരഞ്ഞെടുക്കാന്‍ കാരണമായി.
യാത്രക്കാരുടെ എണ്ണം കുറഞ്ഞതാണ് ഈ മാസം മുതല്‍ ഇവിടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ കാരണം. ഡല്‍ഹി, വാരണാസി എന്നിവിടങ്ങളിലേക്കാണ് ഇവിടെ നിന്നും വിമാന സര്‍വീസുകള്‍ ഉണ്ടായിരുന്നത്. മണ്‍സൂണ്‍ കാലത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബറോടെ വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്നാണ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ സന്തോഷ് സിങ് അറിയിച്ചിരിക്കുന്നത്. 1960കളുടെ അവസാനത്തോടെയാണ് എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 1978ലാണ് ഇവിടെ ആദ്യ ഫ്ളൈറ്റ് എത്തുന്നത്.



