ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ചു

ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ അഞ്ച് പേർ മരിച്ചു. ഭർമൗർ-പത്താൻകോട്ട് സംസ്ഥാന പാതയിലാണ് അപകടം നടന്നത്. തിങ്കളാഴ്ച രാത്രി കുടുംബം കുഞ്ഞിനെ ചികിത്സയ്ക്കായി പത്താൻകോട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാർ കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിന്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിയന്ത്രണം നഷ്ടപ്പെട്ട കാർ നിയന്ത്രണം നഷ്ടപ്പെട്ട 400 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
ചമ്പ ജില്ലയിലെ ഗെഹ്‌റ ഗ്രാമത്തിലെ താമസിക്കുന്ന കുഞ്ഞിന്റെ മുത്തച്ഛൻ വചൻ സിംഗ് (60), മാതാപിതാക്കൾ റിപുൻ സിംഗ് (30), റിംപി ദേവി, എന്നിവരെ കൂടാതെ കീർത്തി എന്ന 23 കാരിയുമാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ.
സംഭവത്തെ തുടർന്ന് പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയെങ്കിലും രാത്രിയിൽ അപകടം നടന്നതും കാരണം രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായി. മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ഡൽഹൗസി ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചമ്പ പോലീസ് സൂപ്രണ്ട് വിജയ് സക്ലാനി അറിയിച്ചു.




