Uncategorized

ബാറിലെത്തി ഉദ്യോഗസ്ഥര്‍ മദ്യം ആവശ്യപ്പെടുന്നതായി പരാതി; എക്‌സൈസ് കമ്മീഷണറെ വേദിയിലിരുത്തി മന്ത്രിയുടെ വിമർശനം

തിരുവനന്തപുരം: ഉദ്യോഗസ്ഥരെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് എക്‌സൈസ് മന്ത്രി എം ലിജു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് നിരവധി പരാതികള്‍ മുന്നിലുണ്ടെന്നും സിസ്റ്റം മുന്നോട്ടുപോകണമെന്ന തരത്തില്‍ മാത്രമെ മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്നും ലിജു താക്കീത് നല്‍കി. ഉദ്യോഗസ്ഥര്‍ ബാറില്‍ പോയി കെയ്‌സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നുവെന്ന് ബാര്‍ ഉടമകള്‍ തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ആദ്യം ഉയര്‍ന്നതലത്തിലുള്ളവര്‍ക്ക് കൊടുക്കുന്നു. പിന്നീട് താഴെതലത്തിലുള്ള ഉദ്യോഗസ്ഥര്‍. ഇതൊക്കെ ശരിയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണം. അതൊന്നും ഇവിടെ നടക്കില്ല. അത്തരമൊരു അവകാശം ആര്‍ക്കും ഇല്ല. ഇത്ര കെയ്‌സ് അങ്ങോട്ട് എത്തിച്ചേക്കൂവെന്ന് പറയുന്നത് ശരിയല്ല. അങ്ങനെയൊരു സംഭവം ഉണ്ടായാല്‍ ഷൂട്ട് ചെയ്‌തോളാന്‍ അവരോട് പറഞ്ഞിട്ടുണ്ടെന്നും ലിജു തുറന്നടിച്ചു. എക്‌സൈസ് കമ്മീഷണര്‍ അടക്കം പങ്കെുത്ത പരിപാടിയിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

അഴിമതി രഹിതമാകണം പ്രവര്‍ത്തനങ്ങള്‍ എന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. നിരവധി ജില്ലകളില്‍ നിന്നും പരാതി ലഭിക്കുന്നുണ്ട്. പുലര്‍ച്ചെ അഞ്ച് മണിക്ക് ബാറുകള്‍ ഈ സംസ്ഥാനത്ത് തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങള്‍ അറിയാതെ അത് ഈ നാട്ടില്‍ പ്രവര്‍ത്തിക്കുമോ. സേന മൗനാനുവാദം നല്‍കുന്നുവെന്ന് താന്‍ പറയുന്നില്ലെന്നും എം ലിജു പറഞ്ഞു.

വിമുക്തി ഡി അഡിക്ഷന്‍ സെന്ററുകളില്‍ സൈക്കാട്രിസ്റ്റുകളെ നിയമിക്കും. കേരളത്തിലെ 14 വിമുക്തി അഡിക്ഷന്‍ സെന്ററുകളിലും നിലവില്‍ സൈക്കാട്രിസ്റ്റുകള്‍ ഇല്ല. തുടര്‍ ചികിത്സ നല്‍കാന്‍ കഴിയുന്നില്ല. മറ്റെല്ലാ വകുപ്പിനേക്കാളും ഏറ്റവും കുറവ് പ്ലാന്‍ ഫണ്ട് ഉള്ളത് എക്‌സൈസ് വകുപ്പിനാണ്. 23 കോടി രൂപകൊണ്ട് വേണം ഇതെല്ലാം നടത്താന്‍. 5 കോടി രൂപ കൂടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റെല്ലാ വകുപ്പിനും പിആര്‍ നടത്താന്‍ പോലും ഇതിനേക്കാള്‍ കൂടുതല്‍ തുക ഉണ്ട്. സര്‍ക്കാര്‍ അധികാരത്തില്‍വന്ന് രണ്ടുമാസവും പത്ത് ദിവസവും ആകുമ്പോള്‍ എക്‌സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്നും ലിജു വ്യക്തമാക്കി.

അതിനിടെ എക്‌സൈസ് വകുപ്പില്‍ ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലംമാറ്റി. മാനേജര്‍മാര്‍, സിഐമാര്‍, സൂപ്രണ്ടുമാര്‍ എന്നിവരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. 99 പേരെ സ്ഥലംമാറ്റി കൊണ്ടാണ് ഉത്തരവ്. മൂവാറ്റുപുഴയിലെ വ്യാജ കള്ള് ലൈസന്‍സ് വിവാദത്തില്‍പെട്ട സിഐ കൃഷ്ണ കുമാറിനെ മഞ്ചേശ്വരത്തേക്കാണ് സ്ഥലം മാറ്റിയത്. റിപ്പോര്‍ട്ടര്‍ ആണ് വ്യാജ കള്ള് ലൈസന്‍സ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. 78 പേരെ പൊതുസ്ഥലംമാറ്റത്തിന്റെയും 21 പേരെ ഭരണസൗകര്യം മുന്‍നിര്‍ത്തിയും മാറ്റി നിയമിച്ചുവെന്നാണ് ഉത്തരവിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button