2027 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയായി; ഔദ്യോഗിക പ്രഖ്യാപനം നടത്തി ഐസിസി

2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള വേദി പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. 2027 ജൂണ്‍ 9 മുതല്‍ 13 വരെ നടക്കുന്ന ഫൈനലിന് ഓവൽ വേദിയാകുമെന്നതാണ് ഐസിസി ഔദ്യോഗികമായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതാദ്യമായല്ല ഓവൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാകുന്നത്. മുമ്പ് 2023ലും ഓവൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് വേദിയായിട്ടുണ്ട്. ജൂൺ 9 മുതൽ 13 വരെ തീയതികൾ നിശ്ചയിച്ചതോടൊപ്പം ജൂൺ 14 റിസർവ് ഡേ ആയും തീരുമാനിച്ചിട്ടുണ്ട്.
2023ൽ ഓവലിൽ നടന്ന ഡബ്ല്യുടിസി ഫൈനലിൽ ഇന്ത്യയെ തകർത്തായിരുന്നു ഓസ്ട്രേലിയ കന്നി കിരീടത്തിൽ മുത്തമിട്ടിരുന്നത്. അന്ന് 209 റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. 2027, 2029, 2031 വർഷങ്ങളിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇംഗ്ളണ്ട് ആതിഥേയത്വം വഹിക്കും എന്നത് ഐസിസി നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നതാണ്. നിലവിൽ ഒൻപത് ടെസ്റ്റ് പ്ലേയിംഗ് രാജ്യങ്ങളും മത്സര രംഗത്തുണ്ട്.
ഐസിസി വേദി പ്രഖ്യാപിക്കുന്നതിനൊപ്പം മത്സരക്രമങ്ങളും പോയിന്റ് പട്ടികയും പുറത്തുവിട്ടിരുന്നു. മത്സരിച്ച ആദ്യ എട്ടിൽ ഏഴിലും ജയിച്ച ഓസ്ട്രേലിയ ആണ് പട്ടികയിൽ ഒന്നാമത്. 84 പോയിന്റാണ് (87.50%) ഓസ്ട്രേലിയക്ക് ഉള്ളത്. നിലവിലെ കിരീടജേതാക്കളായ സൗത്ത് ആഫ്രിക്കയാണ് രണ്ടാം സ്ഥാനത്തുള്ളത്. 36 പോയിന്റാണ് (75%) അവരുടെ പക്കലുള്ളത്. ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തും ബംഗ്ലാദേശ് നാലാം സ്ഥാനത്തുമുണ്ട്. അതേസമയം, പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 48.15 ശതമാനം പോയിന്റാണ് ഇന്ത്യക്കുള്ളത്.




