ധവളപത്രം: ‘പ്രതിഫലിച്ചത് സർക്കാരിൻ്റെ രാഷ്ട്രീയം, ഇന്ദിര ഗ്യാരൻ്റി നടക്കാൻ പോകുന്നില്ല’: സർക്കാരിന് വിമർശനം

തിരുവനന്തപുരം: ധവളപത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിമാരായ പി രാജീവും തോമസ് ഐസക്കും. ധവളപത്രത്തിലൂടെ പ്രതിഫലിച്ചത് സര്‍ക്കാരിന്റെ രാഷ്ട്രീയമാണെന്ന് പി രാജീവ് പറഞ്ഞു. നെഹ്‌റുവിയന്‍ ലെഫ്റ്റിന്റെ പ്രതീകമായി കേരളത്തിലെ സര്‍ക്കാര്‍ മാറുകയാണ്. പൊതുമേഖലയെ പൂര്‍ണ്ണമായും കൈയൊഴിയുന്നതാണ് തല്‍സ്ഥിതി റിപ്പോര്‍ട്ട്. പുതിയ കാഴ്ചപ്പാടോടുകൂടി പൊതുമേഖലയെ സമീപിക്കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചത്. പൊതുമേഖലയെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പി രാജീവ് പറഞ്ഞു.
സ്വകാര്യവല്‍ക്കരണം വേണം, പക്ഷേ അത് പൊതുമേഖലയെ സംരക്ഷിച്ചുകൊണ്ടായിരിക്കണം. 29 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാണ്. വേണ്ടത്ര പരിശോധന നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നവ ഉദാരവല്‍ക്കരണം ആണ് പുതിയ സര്‍ക്കാരിന്റെ സമീപനം. പൊതുമേഖല സാമ്പത്തികമായി ലാഭകരമല്ല എന്ന് പറയുന്നു. കഴിഞ്ഞ 10 വര്‍ഷം പൊതുമേഖലയില്‍ ഉണ്ടായ മാറ്റം ഈ രേഖ കണ്ടില്ലെന്ന് നടിക്കുകയാണ്. കേവലം ലാഭ നഷ്ട കണക്കുകളിലൂടെ മാത്രം സമീപിക്കുന്ന രീതിയാണുള്ളതെന്നും രാജീവ് പറഞ്ഞുധവളപത്രം വായിച്ചപ്പോള്‍ ഒരു കാര്യം ഉറപ്പായെന്നും ഒരു ഇന്ദിര ഗ്യാരണ്ടിയും നടപ്പാക്കാന്‍ പോകുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വീട്ടില്‍ കൊണ്ട് തരില്ല. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുകയുമില്ല. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീഴും. കേരളം വലിയ തിരിച്ചുപോക്കിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നും തോമസ് ഐസക് പറഞ്ഞു.




