സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്; ആദ്യഘട്ടം തലസ്ഥാനത്ത്

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിനായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി സി പി ജോൺ നിർവഹിക്കും. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് കെഎസ്ആർടിസി പിങ്ക് ബസ് സർവീസ് ആരംഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് പിങ്ക് ബസ്.
ആദ്യ സർവീസ് തമ്പാനൂർ മുതൽ ടെക്നോപാർക്ക് വരെ ആയിരിക്കും. വൈകുന്നേരം 6 മണി മുതൽ രാത്രി 10.45 വരെ ആണ് സർവീസ് ഉണ്ടാകുക. കെഎസ്ആർടിസിയുടെ ഫാസ്റ്റ് ലിങ്ക് ബസാണിത്, യാത്ര സൗജന്യമല്ലെന്ന് അറിയിപ്പുണ്ട്.
വി ഡി സതീശൻ സർക്കാരിന്റെ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുന്ന പ്രിയദർശനി പദ്ധതി ആരംഭിച്ചിട്ട് ഒരു മാസം പിന്നിട്ടു. ഇന്ദിര ഗ്യാരണ്ടിയിലെ ആദ്യ പ്രഖ്യാപനം വിജയകരം എന്നാണ് യാത്രക്കാരുടെ അഭിപ്രായം.എന്നാൽ സ്ത്രീ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടിയാണ്. പദ്ധതി പ്രഖ്യാപനത്തിൽ പ്രതീക്ഷിച്ചതിൽ നിന്നും 30 കോടി രൂപ പ്രതിമാസം അധികം നൽകേണ്ടി വരുമെന്നാണ് സർക്കാരിന് മുന്നിലെ പ്രതിസന്ധി.




