Uncategorized

നെടുങ്കയം വനപാതയില്‍ ആനപ്പാറയ്ക്ക് മുകളില്‍ പുള്ളിപ്പുലി,ഓട്ടോ നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തി യുവാവ്; ജാഗ്രതയില്‍ വിനോദസഞ്ചാരികളും നാട്ടുകാരും

മലപ്പുറം: നിലമ്പൂര്‍ കരുളായി നെടുങ്കയത്ത് പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയോരത്ത് പുള്ളിപ്പുലിയെ കണ്ടതിന് പിന്നാലെ ജാഗ്രതയിൽ നാട്ടുകാരും വിനോദ സഞ്ചാരികളും. ചെറുപുഴ-നെടുങ്കയം വനപാതയില്‍ ചെറുപുഴ വനം ചെക്ക് പോസ്റ്റില്‍നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ മാറി, റോഡരികിലുള്ള ആനപ്പാറയ്ക്കു മുകളിലാണ് പുലിയെ കണ്ടെത്തിയത്. കോഴിക്കോട് ഐ.ടി.ഐയില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന നെടുങ്കയം ട്രൈബല്‍ വില്ലേജിലെ രതീഷാണ് രാവിലെ ആറോടെ പുലിയെ ആദ്യമായി കണ്ടത്. ഇയാള്‍ ജോലിക്ക് പോകുന്നതിനിടെയാണ് പാറപ്പുറത്ത് വിശ്രമിക്കുന്ന പുലി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് സഞ്ചരിച്ച ഓട്ടോ റോഡരികില്‍ നിര്‍ത്തി മൊബൈല്‍ ഫോണില്‍ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുമ്പോഴും യാതൊരു പ്രകോപനവുമില്ലാതെ പുലി നോക്കിക്കിടക്കുകയായിരുന്നു. ഏതാനും സമയത്തിന് ശേഷമാണ് പാറപ്പുറത്തുനിന്ന് താഴെയിറങ്ങി പുലി കാട്ടിലേക്ക് നീങ്ങിയത്.

ആനയും മാനും കാട്ടുപോത്തും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളെ ഈ പാതയോരത്ത് മിക്കപ്പോഴും കാണാറുണ്ടെങ്കിലും പകല്‍ സമയത്ത് പുലിയെ കാണുന്നത് തികച്ചും അപൂര്‍വമാണെന്ന് വനവാസികള്‍. എന്നാല്‍ ഈ പ്രദേശത്തുനിന്നു ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള നെടുങ്കയം ട്രൈബല്‍ വില്ലേജില്‍ പുലി ശല്യം രൂക്ഷമാണ്. ഇതിനകം കര്‍ഷകരുടെ നിരവധി ആടുകളെയും വളര്‍ത്തുനായകളെയും പുലി പിടികൂടിയിട്ടുണ്ട്.ഒട്ടനവധി വിനോദസഞ്ചാരികള്‍ കടന്നുപോകുന്ന വനപാതയായതിനാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും വില്ലേജിലെ പുലിശല്യത്തിന് പരിഹാരം കാണാനും വനം വകുപ്പ് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button