അസമിൽ മിന്നൽ പ്രളയം; 6 ജില്ലകളിൽ വെള്ളപ്പൊക്കം, കനത്ത നാശനഷ്ടം

ഭുവനേശ്വർ: അസമില്‍ കനത്ത മഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയം. 22,000ത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. നിരവധി പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. അതിശക്തമായ മഴയെ തുടര്‍ന്ന് ആറ് ജില്ലകളില്‍ വെള്ളപ്പൊക്കവും കനത്ത നാശനഷ്ടവും സംഭവിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. മഴക്കെടുതിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ദുരന്തത്തില്‍ കേന്ദ്രത്തില്‍ നിന്ന് എല്ലാ വിധ സഹായങ്ങളും ഉടന്‍ ലഭ്യമാക്കുമെന്നും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ വേഗതയിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷാ ഹിമന്ത ബിശ്വ ശര്‍മയുമായി സംസാരിച്ച് കാര്യങ്ങള്‍ വിലയിരുത്തി. കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.
അസമിലെ ധേമാജി ജില്ലയിൽ മഴക്കെടുതി രൂക്ഷമാണ്. നിരവധി പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് സിമെന് നദിയിലെ റെയില്‍വേ പാലത്തിന്റെ ഒരു തൂണ് ഭാഗികമായി തകര്‍ന്നത് റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. ആര്ക്കിപഥര്-സിമെന് ചാപാരി സ്റ്റേഷനുകള്‍ക്കിടയിലുള്ള പാലത്തിന്റെ സമീപത്തെ മണ്ണ് ഒലിച്ചുപോയതാണ് തൂൺ തകരാൻ കാരണം. ഇതേത്തുടര്‍ന്ന് ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു.
അതേസമയം, മഴക്കെടുതിയില്‍ അരുണാചല്‍ പ്രദേശില്‍ മരണം മൂന്നായി. ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരാള്‍ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി ജില്ലകള്‍ ഒറ്റപ്പെട്ടു. മഴക്കെടുതിയില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്




