രണ്ടു കേസ്; കോർപ്പറേഷൻ സംഘർഷത്തിൽ മേയർ വി.വി. രാജേഷും പ്രതി

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ മേയർ വി.വി.രാജേഷും പ്രതി. എൽ.ഡി.എഫ് കൗൺസിലറുടെ പരാതിയിലെടുത്ത കേസിൽ മേയറും സെപ്യൂട്ടി മേയറും പ്രതികളാണ്. ബി.ജെ.പിയുടെ പരാതിയിൽ ഇടത് കൗൺസിലർമാരെയും പ്രതികളാക്കി കേസെടുത്തു.കോർപറേഷനിലെ സത്യപ്രതിജ്‌ഞാ വിവാദത്തിൽ മേയറുടെയും ഡപ്യൂട്ടി മേയറുടെയും രാജി ആവശ്യപ്പെട്ടാണ് എൽഡിഎഫ് പ്രതിഷേധിച്ചത്.
പിന്നാലെ കോർപ്പറേഷനിൽ വലിയ ഉണ്ടും തള്ളും ബഹളവുമുണ്ടായി. സംഭവത്തിൽ ഇരുകൂട്ടരുടെയും പരാതിയിൽ രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് എടുത്തിട്ടുള്ളത്. ബി.ജെ.പി കൗൺസിലർമാരുടെ പരാതിയില് എൽ.ഡി.എഫിൻ്റെ 18 കൗൺസിലർമാരെ പ്രതി ചേർത്താണ് കേസ്. പ്രധാനപ്പെട്ട കൗൺസിലർമാരെല്ലാം പ്രതിയാണ്. എൽ ഡി എഫ് കൗൺസിലറുടെ പരാതിയിലാണ് മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ ആശാനാഥും അടക്കമുള്ള പ്രധാനപ്പെട്ട ബി.ജെ.പി കൗൺസിലർമാരെയെല്ലാം പ്രതി ചേർത്തിട്ടുള്ളത്.ഇരുവിഭാഗത്തിലെയും അവിടെ ഉണ്ടായിരുന്ന കൗൺസിലർമാരെല്ലാം പ്രതിപ്പട്ടികയിലുണ്ട്.മേയർ വി.വി. രാജേഷ് അടക്കമുള്ളവർ പരുക്ക് പറ്റിയെന്ന് പറഞ്ഞ് ആശുപ്രതിയിൽ അഡ്മിറ്റാവുകയും പിന്നീട് കാലിൽ പ്ലാസ്‌റ്റർ വെക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. അതിക്രമിച്ചുകയറൽ, ആക്രമിക്കൽ, മർദനം പോലുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതിൽ ഇവരുടെ മൊഴി രേഖപ്പെടുത്തിയാകും തുടർനടപടികളുണ്ടാവുക. കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ.സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സമരം നടത്തുന്നതിനിടെയാണ് ഇന്നലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ ഹൈക്കോടതി റദ്ദാക്കിയത്. ബിജെപി കൗൺസിലർമാർ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അസാധുവായി എന്നാണ്എൽഡിഎഫ് വ്യക്‌തമാക്കുന്നത്. മേയറും ഡപ്യൂട്ടി മേയറും രാജിവച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് എൽ.ഡി.എഫിന്റെ ആവശ്യം.ആർ.സുഗതന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരത്തിനൊരുകയാണ് എൽഡിഎഫ്. റിലേ സത്യഗ്രഹവേദിയിൽ മുതിർന്ന നേതാക്കളെ അണിനിരത്താനാണ് തീരുമാനം. അതേസമയം പ്രതിഷേധങ്ങളെ പരസ്യമായി പ്രതിരോധിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. സുഗതന്റെ സത്യപ്രതിജ്‌ഞയ്ക്ക് സമയം നീട്ടി ലഭിക്കാൻ കോടതിയെ സമീപിക്കും. സുഗതന് എതിരായി കാപ്പാകുറ്റം ചുമത്തിയ നടപടി സർക്കാർ അംഗീകരിച്ചെങ്കിലും കാപ്പ ഉപദേശകസമിതിയുടെ തീരുമാനത്തിനായി കാക്കുകയാണ്. അതും തിരിച്ചടിയാകുമെങ്കിൽ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.അതേസമയം ഇന്നലത്തെ പ്രതിഷേധത്തിൽ പരുക്കേറ്റ മേയർ ഉൾപ്പെടെയുള്ള കൗൺസിലർമാർ പ്രാഥമിക ചികിൽസയ്ക്ക് ശേഷം ആശുപ്രതി വിട്ടു.




