‘അമ്മയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അഡ്ഹോക് കമ്മിറ്റിക്ക് കഴിയട്ടെ’ ; പൃഥ്വിരാജ് സുകുമാരൻ

കൊച്ചി: താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ് സുകുമാരൻ. പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അഡ്ഹോക്ക് കമ്മറ്റിക്ക് കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
“അമ്മ സംഘടനയിൽ എല്ലാവർക്കും അറിയുന്നതുപോലെ അംഗങ്ങൾക്കിടയിൽ പ്രശ്നങ്ങളുണ്ട്. ആശയപരമായും അല്ലാതെയും സംഭവിച്ചു. അതിന് സംഘനക്കുള്ളിൽ നിന്നുകൊണ്ട് രമ്യമായ പരിഹാരം കണ്ടെത്താൻ സാധിച്ചില്ല എന്നതിന്റെ പ്രതിഷേധാർഥം കുറച്ചു അംഗങ്ങൾ അവരുടെ അംഗത്വവും സ്ഥാനവും രാജിവെച്ചു. അത് യാഥാർഥ്യമാണ്. അപ്പോൾ ഒരു സംഘടനക്ക് എന്താണ് ചെയ്യാൻ കഴിയുക. ഒരു ജനറൽ ബോഡി വിളിച്ചുകൂട്ടി എന്തെങ്കിലുമൊക്കെ പരിഹാരമുണ്ടോ എന്ന് ചർച്ച ചെയ്ത് ഇല്ല എന്ന് അഭിപ്രായപ്പെട്ട ആളുകൾ സംഘടനയിൽ നിന്നും രാജിവെച്ച് പോയി. ചില ആളുകൾ അവരുടെ സ്ഥാനങ്ങൾ രാജിവെച്ചു. ഇനി മുന്നോട്ട് എന്തുചെയ്യാം എന്നതിന്റെ ഭാഗമായിട്ട് ഒരു താൽക്കാലിക അഡ്ഹോക് കമ്മിറ്റിയെ നിയോഗിച്ച് ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കുമോ എന്ന പ്രോസസിലാണ്. അവർക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താൻ സാധിക്കട്ടെ” താരം കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പാർവതി തിരുവോത്തും വ്യക്തമാക്കി.നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ നോബഡി’ യുടെ പ്രമോഷനിടെ സംസാരിക്കുകയായിരുന്നു താരം.
എന്ന് നിന്റെ മൊയ്‌തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെൻസിൻ്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് നിർമിക്കുന്നത്.
അതസമയം നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ റിപ്പോർട്ട് നൽകാൻ പൊലീസ് സമയം ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 27 ആം തിയതിയിലേക്ക് മാറ്റി. ടിനി ടോം സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തനിക്കെതിരെ വർഗീയ പരാമർശം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.




