Uncategorized

വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി പരാതി; പശ്ചിമബംഗാളില്‍ 15 ബൂത്തുകളില്‍ റീ പോളിംഗ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ റീ പോളിംഗ് ആരംഭിച്ചു. മഗ്രഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറിലെ 4 ബൂത്തുകളിലുമാണ് റീ പോളിംഗ് നടക്കുന്നത്. രാവിലെ ഏഴുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. ഏപ്രിൽ 29-ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ഈ ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നതായി പരാതികളുയരുകയും ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റീ പോളിംഗ് നടത്തുന്നത്. വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി റിട്ടേണിങ് ഓഫീസര്‍മാരും ഒബ്‌സര്‍വര്‍മാരും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആ ദിവസം നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 58(2) പ്രകാരമാണ് ഏപ്രില്‍ 29ലെ വോട്ടെുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. ബംഗാളില്‍ വോട്ടെടുപ്പിനിടെ വ്യാപക ക്രമക്കേട് നടന്നെന്ന് പരാതി ഉയര്‍ന്നിരുന്നു. ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത്ത നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി, സിപിഐഎം സ്ഥാനാർത്ഥികളുടെ ബട്ടണുകള്‍ ടേപ്പ് ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പിന്നീട് പുറത്തുവന്നിരുന്നു.തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജഹാംഗീര്‍ ഖാന്റെ സ്വാധീന മേഖലകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായാണ് ബിജെപിയുടെ പരാതി. ബിജെപി നേതാക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഫല്‍ത്തയിലെ ചിലയിടങ്ങളില്‍ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പരാതി ഗൗരവത്തിലെടുത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും കൃത്രിമം നടന്നതായി വ്യക്തമായാല്‍ റീ പോളിങ് നടത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button