ഐപിഎസ് അഴിച്ചുപണിയിൽ മേൽതട്ടിൽ കൈയടി, താഴേതട്ടിൽ പരാതി; ഐജിമാരും എസ്പിമാരും അതൃപ്തിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് അഴിച്ചുപണിയിൽ മേൽതട്ടിൽ കൈയടി ലഭിച്ചപ്പോൾ താഴേതട്ടിൽ പരാതി ഉയരുകയാണ്. ഐജിമാരും എസ്പിമാരും അഴിച്ചുപണിയിൽ അതൃപ്‌തരാണ്. വടക്കൻ മേഖലയിൽ ഐജിയെ നിയമിച്ചില്ല, തെക്കൻ മേഖലയിൽ വർഷങ്ങളായി ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെ തൊട്ടില്ല എന്നെല്ലാമാണ് പരാതികൾ. കോഴിക്കോട് കമ്മീഷണറുടെ നിയമനത്തിലും വിമർശനം ഉയർന്നു. സീനിയറായ ഡിസിപിക്ക് മുകളിലായി ജൂനിയറായ ഉദ്യോഗസ്ഥനെ കമ്മീഷണറാക്കി എന്നാണ് പരാതി. കോഴിക്കോട് റൂറൽ, വയനാട് ഉൾപ്പെടെ ജൂനിയർ ഐപിഎസുകാർക്ക് നിയമനം നൽകി മൂന്നു മാസം കൊണ്ട് മാറ്റി, നല്ല സർവ്വീസ് റെക്കോഡില്ലാത്ത ഉദ്യോഗസ്ഥരും ജില്ലാ എസ്പിമാരായി എന്നെല്ലാമാണ് പരാതികൾ.
ഇടതു സർക്കാരിന്‍റെ കാലത്ത് മാറ്റിനിർത്തപ്പെട്ട പി വിജയൻ ക്രമസമാധാന ചുമതലയിലേക്ക് നിയമിക്കപ്പെട്ടു. ടിപി കേസിലെ പ്രതികളെ സാഹസികമായി പിടികൂടിയ ഷൌക്കത്തലിയെ കോഴിക്കോട് കമ്മീഷണർ സ്ഥാനത്തേക്ക് നിയമിച്ചു. ഇവിടെ സീനിയർ ഉദ്യോഗസ്ഥനാണ് ഡിസിപി.
പൊലീസ് സേനയിൽ വൻ അഴിച്ചുപണി
സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണി നടത്തി വി ഡി സതീശൻ സർക്കാർ. ഇടത് സർക്കാർ മാറ്റി നിർത്തിയ ഉദ്യോഗസ്ഥർക്ക് നിർണായക സ്ഥാനങ്ങളിൽ നിയമനം നൽകി. എഡിജിപി തലം മുതൽ എസ്പിമാർ വരെയുള്ള 30 മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി ആയി പി വിജയനെ നിയമിച്ചു. സൈബർ സെല്ലിന്റെ അധിക ചുമതലയും നൽകി. എസ് ശ്രീജിത്തിനെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ചുമതലയിൽ നിന്ന് മാറ്റി ജയിൽ എഡിജിപി ആയി നിയമിച്ചു. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്ന് മാറ്റി സായുധ പൊലീസ് ബറ്റാലിയൻ എഡിജിപി ആയി നിയമിച്ചു. എച്ച്. വെങ്കിടേഷിന് ക്രൈംബ്രാഞ്ച് എഡിജിപി ആയി പൂർണ ചുമതല നൽകി. ദിനേന്ദ്ര കശ്യപിനെ സായുധ പൊലീസ് ബറ്റാലിയനിൽ നിന്ന് മാറ്റി ഇന്റലിജൻസ് എഡിജിപിയാക്കി.
ഹർഷിത അത്തല്ലൂരിയെ ഹെഡ്ക്വാർട്ടേഴ്സ് ഐ.ജിയാക്കി നിയമിച്ചു. എസ്. ശ്യാംസുന്ദറിനെ പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് എക്സ്-കേഡർ പൊസ്റ്റിലേക്ക് ഐ.ജി ആക്കി. ആർ നിശാന്തിനിയെ ഐ.ജി (ഹെഡ്ക്വാർട്ടേഴ്സ്) പദവിയിൽ നിന്നും മാറ്റി ഇന്റലിജന്റ്സ് വിഭാഗം ഐജിയാക്കി നിയമിച്ചു. യതീഷ് ചന്ദ്രയെ കണ്ണൂർ റേഞ്ച് ഡിഐജി പദവിയിൽ നിന്നും മാറ്റി എറണാകുളം റേഞ്ച് ഡിഐജി ആക്കി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് കാർത്തിക്കിനെ മാറ്റി തൃശൂർ റേഞ്ച് ഡിഐജി ആക്കി. തൃശൂർ റേഞ്ച് ഡിഐജി സ്ഥാനത്തുനിന്നും നാരായണൻ ടിയെ മാറ്റി കണ്ണൂർ റേഞ്ച് ഡിഐജി ആയി നിയമിച്ചു. എറണാകുളം റേഞ്ച് ഡിഐജി പദവിയിൽ നിന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി ഡോ. അരുൾ ആർ ബി കൃഷ്ണയെ നിയമിച്ചു




