നിയമലംഘനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കണം, വ്യക്തതകുറവുണ്ട്; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്‍കി അന്‍സിബ

കൊച്ചി: താരസംഘടന അമ്മ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി നടി അന്‍സിബ. നോട്ടീസില്‍ വ്യക്തത കുറവ് ഉണ്ടെന്നും താന്‍ നടത്തിയ നിയമലംഘനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കണം എങ്കില്‍ മാത്രമെ കൃത്യമായ മറുപടി നല്‍കാനാകൂവെന്നും എന്നും അന്‍സിബ മറുപടിയില്‍ ചൂണ്ടികാട്ടുന്നു.
നടി ലക്ഷ്മി പ്രിയയുമായും നടന്‍ ടിനി ടോമുമായും തനിക്കുള്ള പ്രശ്‌നം തീര്‍ത്തും വ്യക്തിപരമാണ്. അക്കാര്യത്തില്‍ സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല. അമ്മയില്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ സംഘടന തയ്യാറായിരുന്നില്ല എന്നും അന്‍സിബ നോട്ടീസില്‍ വ്യക്തമാക്കി. ക്രിമിനല്‍ സ്വാഭാവമുള്ള പ്രവര്‍ത്തികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തനിക്ക് പൂര്‍ണ്ണമായ അവകാശമുണ്ട്. താന്‍ സ്വീകരിക്കുന്ന നിയമപരമായ നടപടികള്‍ തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അന്‍സിബ മറുപടി നല്‍കി.
മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നും ഇതില്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും കാണിച്ചായിരുന്നു അമ്മ അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ താരസംഘടനയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് അന്‍സിബ ശ്രമിച്ചത്. ഇത് സംഘടനയുടെ സുഗമമായ നടത്തിപ്പിന് തടസ്സമുണ്ടാക്കിയെന്നും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അമ്മയുടെ സല്‍ക്കീര്‍ത്തിയും ജനപ്രീതിയും ഇടിയാന്‍ കാരണമായെന്നും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു.
അതേസമയം നടി അന്‍സിബ വനിതാ എസ്‌ഐക്കും നടി ലക്ഷ്മി പ്രിയയ്ക്കും എതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. തൃപ്പൂണിത്തുറ വനിതാസെല്‍ എസ്‌ഐ രേഷ്മ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് തൃക്കാക്കര എസിപി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാജ പരാതിയുടെ മറവില്‍ ലക്ഷ്മി പ്രിയയും വനിതാ എസ്‌ഐയും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു അന്‍സിബയുടെ പരാതി.
നടന്‍ ടിനി ടോമിനെതിരെ കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം അന്‍സിബ ഹാജരായി മൊഴി രേഖപ്പെടുത്തി. തനിക്കെതിരെ നിരന്തരം സൈബര്‍ അധിക്ഷേപങ്ങള്‍ നടത്തുന്നുവെന്നം ജിഹാദി എന്ന് വിളിച്ച് വര്‍ഗീയമായി അധിക്ഷേപിക്കാനന്‍ ശ്രമിച്ചെന്നുമാണ് ടി നി ടോമിനെതിരായ പരാതി. നടി നീനാ കുറുപ്പാണ് കേസിലെ പ്രധാന സാക്ഷി. ടിനി ടോമിന്റേയും നീനാ കുറുപ്പിന്റെയും മൊഴികള്‍ രേഖപ്പെടുത്തും.




