Uncategorized

ഇനി കിഫ്ബി ‘പിരിക്കേണ്ട’: മോട്ടർ വാഹന നികുതിയും ഇന്ധനസെസും ഖജനാവിലേക്ക്

തിരുവനന്തപുരം മോട്ടർ വാഹന നികുതി, ഇന്ധന സെസ് എന്നിവ നേരിട്ടു കിഫ്ബിയിലേക്കു പോകുന്നതു നിർത്തലാക്കി പകരം സർക്കാർ ഖജനാവിലേക്കു മാറ്റാൻ നീക്കം. കിഫ്ബിക്കു പണം ആവശ്യമുള്ളപ്പോൾ സർക്കാർ തന്നെ കൈമാറും. ബജറ്റിൽ പ്രഖ്യാപനമുണ്ടായേക്കും. കിഫ്ബി പണം ബാങ്കിൽ നിക്ഷേപിച്ചു പലിശയെടുക്കുന്നതും അവസാനിക്കും. കെ.എം.ചന്ദ്രശേഖർ അധ്യക്ഷനായ ധവളപത്ര സമിതിയുടെ നിർദേശമനുസരിച്ചാണു നടപടി.
സർക്കാരിനു ലഭിക്കേണ്ട 4,000 കോടിയോളം രൂപ ഓരോ വർഷവും നേരിട്ടു കിഫ്ബി കൈപ്പറ്റുന്നതായാണു കണക്ക്. മോട്ടർ വാഹന നികുതിയിനത്തിൽ മാത്രം വർഷം 3,300 കോടി രൂപ. 2016 മുതൽ കഴിഞ്ഞ വർഷം ഓഗസ്‌റ്റ് വരെ 22,000 കോടിയാണ് ഈ രണ്ടിനത്തിലും കിഫ്ബിക്കു ലഭിച്ചത്. മോട്ടർ വാഹന നികുതിയുടെ പകുതിയും ഒരു ലീറ്റർ ഇന്ധനത്തിന് ഒരു രൂപ നിരക്കിൽ ഈടാക്കുന്ന സെസും കിഫ്ബി അക്കൗണ്ടിലേക്ക് അന്നന്നു തന്നെ പോകുകയാണിപ്പോൾ. ഈ തുക ഖജനാവിലെത്തിയാൽ ധനപ്രതിസന്ധിക്ക് ഒരു പരിധി വരെ ആശ്വാസമാകും.
സർക്കാരിനു കീഴിലെ എല്ലാ സ്ഥാപനങ്ങളും അവരുടെ പണം ട്രഷറിയിൽ നിക്ഷേപിക്കണമെന്ന് ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ കാലത്തു ധനവകുപ്പ് കർശന നിർദേശം നൽകിയെങ്കിലും കിഫ്ബിയെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ഓഫിസിനെ ഭയന്നു ധനവകുപ്പ് സമ്മർദം ചെലുത്തിയുമില്ല. അതുകൊണ്ട് കിഫ്ബി മാത്രം പണം ബാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.
അതുപോലെ, എടുത്ത വായ്പ്‌പകളെല്ലാം കിഫ്ബി തന്നെ തിരിച്ചടയ്ക്കുമെന്നായിരുന്നു തുടക്കത്തിൽ ധാരണ. എന്നാൽ, ഈ കടം കൂടി സർക്കാരിന്റെ കടപരിധിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയതോടെ സർക്കാരിന്റെ സാമ്പത്തികനില താളംതെറ്റി. കിഫ്ബിയുടെ വായ്പകളെല്ലാം തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്തം സർക്കാരിന് ആയതിനാൽ സർക്കാരിന്റെ വരുമാനം കിഫ്ബി എടുക്കേണ്ടെന്നാണു ധനവകുപ്പിന്റെ വിലയിരുത്തൽ.
14,137 കോടി പോയി

തിരുവനന്തപുരം കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിൽ സർക്കാരിന് ഈ വർഷം കേന്ദ്രത്തിൽ നിന്ന് റവന്യു കമ്മി നികത്തൽ ഗ്രാന്റായി 14,137 കോടി രൂപ കിട്ടുമെന്നു ചേർത്തിരുന്നു. ഇതു പ്രതീക്ഷിച്ചാണ് ചെലവിനങ്ങളും തയാറാക്കിയത്. എന്നാൽ, ഗ്രാന്റ്റ് ലഭിക്കില്ലെന്ന് കേന്ദ്ര ധനകാര്യ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ വ്യക്തമായി.
ഒറ്റയടിക്ക് ഇത്രയും തുക കിട്ടാതാകുന്നതിനാൽ സർക്കാരിനു മുന്നിലെ വഴികൾ രണ്ടാണ്. ഒന്ന്, ചെലവ് വെട്ടിക്കുറയ്ക്കുക. രണ്ട്, വരുമാനം വർധിപ്പിക്കുക. വരുമാനം കൂട്ടാനുള്ള നടപടിയാണു കിഫ്ബിയിലേക്കു പോകുന്ന പണം സർക്കാർ ഖജനാവിലേക്ക് തിരിച്ചെത്തിക്കുക എന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button