സി ഐ യെയും എസ് ഐ യെയും അസഭ്യം പറഞ്ഞ് സുഗതന്‍; ബി ജെ പി കൗണ്‍സിലറെ പിടികൂടിയത് വീട് വളഞ്ഞ് അതിസാഹസികമായി: ദൃശ്യം പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ സുഗതനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്. വീട് വളഞ്ഞ് അതിസാഹസികമായാണ് സുഗതനെ പൊലീസ് പിടികൂടിയത്. വീടിന്റെ പിന്‍ഭാഗത്തുനിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയില്‍ കാണാം. ഇത് പൊലീസാണോ കുടുംബമാണോ ചെയ്തതെന്ന് വ്യക്തമല്ല. പിടികൂടിയതിന് പിന്നാലെ സിഐ വിപിനെയും എസ്‌ഐ അഭിജിത്തിനെയും സുഗതന്‍ അസഭ്യം പറഞ്ഞു. വീഡിയോ പകര്‍ത്തിയ ഉദ്യോഗസ്ഥന് നേരെ കുടുംബം കയര്‍ക്കുന്നത് കാണാം. വീഡിയോ എടുക്കുന്നത് എന്തിന് വേണ്ടിയാണെന്നാണ് സുഗതന്റെ ഭാര്യ അശ്വതി ചോദിച്ചത്. തങ്ങളുടെ സുരക്ഷയ്ക്കായാണ് വീഡിയോ പകര്‍ത്തിയതെന്നായിരുന്നു ഇതിന് ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി. ഈ ഘട്ടങ്ങളിലൊന്നും തന്നെ മര്‍ദ്ദിച്ചതായി അശ്വതി പറയുന്നില്ല. ബിജെപി കൗണ്‍സിലറാണെന്നും നാടിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്നും എന്തിനാണ് പിടികൂടിയതെന്നും അശ്വതി ചോദിക്കുമ്പോള്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി. അറസ്റ്റ് തടയുന്നതിന് അശ്വതി ചില ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. വനിതാ പൊലീസുകാര്‍ ഇല്ല എന്നിരിക്കെ സുഗതനെ ജീപ്പില്‍ കയറ്റുന്നതിന് മുന്‍പ് തന്നെ ഭാര്യ ജീപ്പില്‍ കയറാന്‍ ശ്രമിച്ചു. ഇതോടെ നിങ്ങളെ അറസ്റ്റ് ചെയ്യാനല്ല തങ്ങള്‍ വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അശ്വതിയോട് പറഞ്ഞു. സുഗതനെ കൊണ്ടുപോകണമെന്നുള്ള കാര്യവും അവര്‍ പറഞ്ഞു. ആക്രമിച്ചുവെന്ന് മനഃപൂര്‍വ്വം വരുത്തി തീര്‍ക്കാന്‍ യുവതി ശ്രമം നടത്തിയെന്നുള്ള സംശയം ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉയര്‍ന്നിട്ടുണ്ട്.
പൊലീസ് മര്‍ദ്ദിച്ചുവെന്നും മുഖത്തടിച്ചെന്നും നടുവില്‍ ചവിട്ടിയെന്നുമായിരുന്നു അശ്വതി നേരത്തേ പ്രതികരിച്ചത്. കഴുത്തില്‍ കിടന്ന മാല വലിച്ച് പൊട്ടിച്ചു. ഒരു വനിതാ പൊലീസ് പോലും ഇല്ലാതെയാണ് പൊലീസ് വീട്ടില്‍ എത്തിയതെന്നും കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയില്‍ വെടിവെച്ചെന്നും ഇവര്‍ പറഞ്ഞിരുന്നു. ജനപ്രതിനിധി എന്ന ബഹുമാനം കൊടുക്കാതെയാണ് പിടിച്ചുകൊണ്ടുപോയത്. ചിക്കന്‍ പോക്‌സ് ബാധിച്ച് ചികിത്സയിലായിരുന്നു സുഗതന്‍. ഒളിവിലായിരുന്നില്ല. എട്ട് വയസായ കുട്ടി കരഞ്ഞപ്പോള്‍ പിടിച്ച് തള്ളിയെന്നും സുഗതന്റെ ഭാര്യ ആരോപിച്ചിരുന്നു. മകളെ പൊലീസ് ആക്രമിച്ചെന്ന് അശ്വതിയുടെ പിതാവും പറഞ്ഞിരുന്നു. മകളുടെ കഴുത്തില്‍ കിടന്ന മാല പൊലീസ് പൊട്ടിച്ചെന്നും ഇയാള്‍ ആരോപിച്ചിരുന്നു.
അതേസമയം, ക്രമസമാധാന പ്രശ്‌നം നിയന്ത്രിക്കാനാണ് വെടിവയ്‌ക്കേണ്ടി വന്നതെന്നായിരുന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തിക് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്. ഇവര്‍ ചികിത്സയിലാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നു. കുടുംബത്തിന്റെ ആരോപണങ്ങള്‍ പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു.
പൊലീസുകാരെ ആക്രമിച്ച സംഭവത്തില്‍ സുഗതനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുഗതനാണ് കേസില്‍ ഒന്നാം പ്രതി. സഹോദരന്‍ സന്ദീപാണ് രണ്ടാംപ്രതി. കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പ്രതികളുമുണ്ട്. വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയെയും എസ്‌ഐയെയും സുഗതന്‍ കഴുത്തിന് പിടിച്ചുതള്ളിയതായി എഫ്‌ഐആറില്‍ പറയുന്നുണ്ട്. സുഗതനും കൂട്ടരും എസ്‌ഐയെ മതിലിന് ചേര്‍ത്തുനിര്‍ത്തി മര്‍ദ്ദിച്ചു. പ്രതികള്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുഗതനെതിരെ ചൊവ്വാഴ്ചയായിരുന്നു പൊലീസ് കാപ്പ ചുമത്തിയത്. സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. നിലവില്‍ സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
ഇതിനിടെ സുഗതന്റെ അറസ്റ്റില്‍ പ്രതികരണവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ് രംഗത്തെത്തി. സി ഐ വിപിന്‍ ക്രിമിനല്‍ മനസുള്ള ഉദ്യോഗസ്ഥനാണെന്ന് വി വി രാജേഷ് പറഞ്ഞു. വിപിനെതിരെ ഡിപ്പാര്‍ട്ട്‌മെന്റില്‍ നടപടിയെടുത്തിട്ടുള്ളതാണ്. എല്‍ഡിഎഫിന്റെ മുന്‍ എംഎല്‍എ ഇടപെട്ടാണ് സിഐയെ തിരികെ എത്തിച്ചത്. സുഗതനെ കാപ്പാ കേസില്‍ പെടുത്താന്‍ മനഃപൂര്‍വം ശ്രമിക്കുകയാണ്. വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണെന്നും വി വി രാജേഷ് ചോദിച്ചു.



