Uncategorized

എണ്ണായിരത്തോളം സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ് ഇല്ല; ബസുകൾ പരിശോധിക്കനായി എംവിഡി സ്കൂളിലേക്ക്

കൊല്ലം: സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 7,942 വാഹനങ്ങൾക്ക് ഫിറ്റ്നസ് ഇല്ല. മേയ് 31 വരെ ഇത്രയും സ്‌കൂൾ വാഹനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെടുകയോ പരിശോധനയ്ക്ക് ഹാജരാക്കാതിരിക്കുകയോ ചെയ്ത വാഹനങ്ങളുടെ എണ്ണമാണിത്. ഇവ നിരത്തിൽ ഓടുന്നുണ്ടോയെന്ന് അടിയന്തരമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മുൻവർഷങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുവേണ്ടി, ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങൾ റോഡിൽ ഓടിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര പരിശോധന നടത്താൻ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം ആർ.ടി.ഓഫീസിനു കീഴിലാണ് ഏറ്റവും കൂടുതൽ സ്കൂൾ വാഹനങ്ങൾ ഫിറ്റ്നസ് പുതുക്കാനുള്ളത്-360 എണ്ണം. 338 വാഹനങ്ങൾ ഫിറ്റ്നസ് പുതുക്കാനുള്ള മലപ്പുറം രണ്ടാമതും 330 എണ്ണം പുതുക്കാനുള്ള എറണാകുളം മൂന്നാമതുമാണ്.

രാമനാട്ടുകര സബ് ആർ.ടി.ഓഫീസിനു കീഴിലാണ് ഏറ്റവും കുറവ് സ്‌കൂൾ വാഹനങ്ങൾ ഫിറ്റ്നസ് പുതുക്കാനുള്ളത്- 12 എണ്ണം. രണ്ടായിരത്തോളം വാഹനങ്ങളാണ് പരിശോധനയിൽ പരാജയപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയും ഫണ്ടിന്റെ അപര്യാപ്തതയും കാരണം അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് തീർക്കാൻ സാധിക്കാത്തതിനാൽ ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ടവയിൽ ഭൂരിഭാഗവും സർക്കാർ സ്കൂളുകളിലെ ബസുകളാണ്.എം.എൽ.എ. ഫണ്ട് വഴി സ്‌കൂളുകൾക്ക് വാഹനങ്ങൾ സൗജന്യമായി ലഭിക്കുമെങ്കിലും അവയുടെ തുടർന്നുള്ള അറ്റകുറ്റപ്പണികൾക്ക് പണം കണ്ടെത്തേണ്ടത് അതത് സ്കൂൾ അധികൃതരോ പി.ടി.എ.യോ ആണ്. മോട്ടോർ വാഹന നികുതി നിയമപ്രകാരം, ഒരു മാസമോ അതിൽ കൂടുതലോ നിരത്തിൽ ഉപയോഗിക്കുന്നില്ലെങ്കിൽ മുൻകൂട്ടി ജി-ഫോം നൽകിയാൽ ആ കാലയളവിലെ നികുതി നൽകേണ്ടതില്ല.

ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കാത്ത വാഹനങ്ങളുടെ കൂട്ടത്തിൽ, ഇങ്ങനെ കയറ്റിയിട്ടിരിക്കുന്ന വാഹനങ്ങളുമുണ്ട്. ജി-ഫോം നൽകി നികുതിയിളവ് വാങ്ങിയശേഷം ചില വാഹനങ്ങൾ നിയമവിരുദ്ധമായി സർവീസ് നടത്താൻ സാധ്യതയുള്ളതിനാൽ, ഇത്തരം വാഹനങ്ങൾ നേരിട്ടെത്തി പരിശോധന നടത്തണമെന്ന് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരോട് നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button