Uncategorized

കൊട്ടിയൂരിൽ ഇന്ന് തിരുവോണം ആരാധന

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ആദ്യ ആരാധന പൂജയായ തിരുവോണം ആരാധന ഇന്ന് അക്കരെ സന്നിധാനത്ത് നടക്കും. ഉച്ചയ്ക്ക് പൊന്നിൻ ശീവേലിയും ആരാധനാ സദ്യയും നടത്തും. ശീവേലിക്ക് അകമ്പടിയായി മണിത്തറയിലെ സ്വർണം, വെള്ളി പാത്രങ്ങൾ ‘എഴുന്നള്ളിക്കുന്നതിനാലാണ് പൊന്നിൻ ശീവേലി എന്ന് പറയുന്നത്. ആനകൾക്ക് പൊന്നിൻ്റെ നെറ്റിപ്പട്ടവും ഉണ്ടാകും.

ആരാധനാ പൂജയുടെ ഭാഗമായി വൈകിട്ട് പാലമൃത് സ്വയംഭൂ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. ഇതിനുള്ള പഞ്ചഗവ്യം മുളകുംഭങ്ങളിലാക്കി സന്ധ്യയ്ക്ക് അക്കരെ സന്നിധാനത്തിൽ എത്തിക്കും. പ്രത്യേക നവകവും കളഭാട്ടവും ആരാധനാ ദിവസത്തെ പ്രത്യേകതകളാണ്.മത്തവിലാസം കൂത്ത് പൂർണരൂപത്തിൽ ആരംഭിക്കുന്നത് ഇന്നാണ്. തിരുവോണ ‘നാളിൽ കൂത്തിനുള്ള വിളക്ക് തെളിയിച്ചാൽ തൃക്കലശാട്ട് വരെ അണയാൻ പാടില്ല എന്നാണ് ചിട്ട. തിരുവോണം നാളിലാണ് അലങ്കാര വാദ്യങ്ങളും ആരംഭിക്കുന്നത്.

അക്കരെ കൊട്ടിയൂരിൽ ഇന്നലെയും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പെരുമാളെ തൊഴുത് പ്രസാദം വാങ്ങി മടങ്ങാൻ ഭക്തർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button