റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ചെത്തി ക്ഷേത്രങ്ങളില്‍ മോഷണം; കോഴിക്കോട്ടെ സ്ഥിരം മോഷ്ടാവ് പിടിയില്‍

കോഴിക്കോട്: ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ട് മോഷണം നടത്തിയിരുന്ന ആള്‍ പിടിയില്‍. കോഴിക്കോടാണ് സംഭവം. പൂവാട്ടുപറമ്പ് മുണ്ടക്കല്‍ സ്വദേശിയായ റിയാസിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റും റെയിന്‍കോട്ടും ധരിച്ചായിരുന്നു ഇയാള്‍ എത്തിയിരുന്നത്.
കോഴിക്കോട് മാവൂര്‍, കുന്ദമംഗലം, പന്തീരാങ്കാവ്, എലത്തൂര്‍, ചേവായൂര്‍ എന്ന പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ക്ഷേത്രങ്ങളിലായിരുന്നു ഇയാള്‍ മോഷണം നടത്തിവന്നത്. രാത്രികാലങ്ങളില്‍ ബൈക്കിലെത്തി റോഡരികിലുള്ള ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ മോഷണം നടത്തിയിരുന്നത്. ബൈക്ക് ക്ഷേത്രത്തില്‍ നിന്ന് കുറച്ചുദൂരം മാറി പാര്‍ക്ക് ചെയ്ത ശേഷം നടന്നെത്തി ഭണ്ഡാരം തകര്‍ത്ത് പണം കവരുന്നതായിരുന്നു ഇയാളുടെ രീതി.
ഇക്കഴിഞ്ഞ 26-ാം തീയതി രാത്രി മാവൂര്‍ ചെറൂപ്പയിലെ ഇടിക്കോട്ട് അയ്യപ്പന്‍കാവില്‍ പ്രതി മോഷണം നടത്തിയിരുന്നു. ക്ഷേത്രമുറ്റത്തെ രണ്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്തെങ്കിലും പണം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് റോഡരികിലെ ഭണ്ഡാരം തകര്‍ത്ത് ഇയാള്‍ അയ്യായിരം രൂപ കവര്‍ന്നു. ക്ഷേത്രം അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇയാള്‍ പിടിയിലായത്.




